ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്‌ച പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് എംആർ ഷാ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
കൊവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് കേന്ദ്രസർക്കാർ ശുപാര്‍ശ ചെയ്‌ത ധനസഹായം നൽകാൻ ബന്ധപ്പെട്ട അധികൃതര്‍ക്ക് അടിയന്തര നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ ദീപക് കൻസലും ഗൗരവ് കുമാർ ബൻസലുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2005 ലെ ദുരന്ത നിവാരണ നിയമം പ്രകാരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തിരുന്നു.
Also read: രാജ്യത്തെ കൊവിഡ് മരണം മൂന്ന് ലക്ഷം കടന്നു
ഇന്ത്യയിൽ കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ടതും ലോകാരോഗ്യ സംഘടന കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചതും കണക്കിലെടുത്ത് എസ്‌ഡിആർഎഫിന് കീഴിൽ ധനസഹായം നൽകുന്നതിനായി കൊവിഡിനെ കൂടുതല്‍ ജാഗ്രത വേണ്ട മഹാമാരിയായി (നോട്ടിഫൈഡ് ഡിസാസ്റ്റര്‍) പരിഗണിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ദുരന്ത പ്രതികരണ ഫണ്ടിൽ നിന്നും (എസ്‌ഡിആർഎഫ്) ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും (എൻഡിആർഎഫ്) ധനസഹായം ലഭ്യമാക്കുന്നതിനായി പട്ടിക പുതുക്കിയെന്നും കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് എക്‌സ് ഗ്രാറ്റിയയായി 4 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ ശുപാർശ ചെയ്‌തിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
Also read: കൊവാക്‌സിന്‍റെ കുട്ടികളിലെ പരീക്ഷണം ജൂൺ മുതൽ
കൊവിഡ് മഹാമാരി മൂലം മരണമടഞ്ഞയാളുടെ കുടുംബാംഗങ്ങൾക്ക് മരണകാരണം വ്യക്തമാക്കുന്ന ഔദ്യോഗിക രേഖ പുറപ്പെടുവിക്കാൻ കോടതിയുടെ ഇടപെടല്‍ വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.