ന്യൂഡൽഹി: 10, 12 ക്ലാസുകളിലേക്ക് സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന ബോര്‍ഡുകള്‍ എന്നിവ നടത്തുന്ന ഓഫ് ലൈന്‍ പരീക്ഷകള്‍ക്ക് എതിരായ ഹര്‍ജി നാളെ (23.02.2022) പരിഗണിക്കാന്‍ സുപ്രീം കോടതി ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷ ബെഞ്ച് തീരുമാനാനിച്ചു.
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ക്ലാസുകള്‍ മുടങ്ങിയതിനാല്‍ സിലബസ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് പദ്മനാഭന്‍ കോടതിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ ഓഫ്‌ലൈൻ പരീക്ഷ പ്രായോഗികമല്ലെന്നാണ് ഹർജിക്കാരുടെ വാദം. കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അനുഭ ശ്രീവാസ്തവ സഹായ് ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
പരീക്ഷയിലെ മികച്ച പ്രകടനത്തിന് വേണ്ടി കുട്ടികളിൽ സൃഷ്ടിക്കുന്ന മാനസിക സമ്മർദം വളരെ വലുതാണ്. ഓരോ വർഷവും നിരവധി വിദ്യാർഥികളാണ് മോശം പ്രകടനത്തേയോ പരാജയത്തേയോ ഭയന്ന് ആത്മഹത്യ ചെയ്യുന്നതെന്നും ഹർജിയിൽ പറയുന്നു. കൊവിഡ് ബാധിക്കുമെന്ന ഭയത്തോടെ വിദ്യാർഥികളെ പരീക്ഷയ്ക്ക് വിധേയരാക്കുന്നത് അന്യായം മാത്രമല്ല, അത് തികച്ചും മനുഷ്യത്വരഹിതവുമാണ്. കൂടാതെ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 21 പ്രകാരം വിദ്യാഭ്യാസത്തിനുള്ള തങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ഹർജിക്കാർ വാദിച്ചു.
ALSO READ: രാജ്യത്ത് 13,405 പേർക്ക് കൊവിഡ്; 235 മരണം
ഓഫ്‌ലൈൻ പരീക്ഷകൾക്ക് 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികളുടെ ഇതര മൂല്യനിർണയ രീതി സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാൻ ബന്ധപ്പെട്ട അധികാരികളോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍റേണൽ അസസ്‌മെന്‍റിൽ തൃപ്‌തരല്ലാത്തവർക്ക് ഇംപ്രൂവ്‌മെന്‍റ് പരീക്ഷക്ക് അവസരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
കൂടാതെ വിദ്യാർഥികളുടെ മൂല്യനിർണയ ഫോർമുല തീരുമാനിക്കാനും സമയപരിധിക്കുള്ളിൽ ഫലം പ്രഖ്യാപിക്കാനും ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി സമീപിച്ച രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ പട്ടികയും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.