ന്യൂഡല്‍ഹി: നമ്പി നാരായണനെതിരായ 1994ലെ ഐഎസ്ആര്‍ഒ ചാരക്കേസ് അടുത്തയാഴ്ച സുപ്രീം കോടതി പരിഗണിക്കും. കേസ് ഉടന്‍ പരിഗണിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു. 2018 ൽ നിയമിച്ച ഉന്നതതല അന്വേഷണ സമിതി കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. 2018 സെപ്റ്റംബര്‍ 14നാണ് റിട്ടയേര്‍ഡ് ജഡ്ജി ഡികെ ജയിനിന്‍റെ നേതൃത്വത്തില്‍ സുപ്രീം കോടതി മൂന്നംഗസമിതിയെ നിയമിച്ചത്. ഈ റിപ്പോര്‍ട്ടില്‍ ഉടന്‍ തീരുമാനം വേണമെന്നും അതുകൊണ്ട് കേസ് നാളെ പരിഗണിക്കണമെന്നും കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ കേസ് ദേശീയ കേസാണെന്നും സോളിസിറ്റര്‍ വാദിച്ചു. എന്നാല്‍ നാളെ തന്നെ എന്തിനാണ് കേസ് പരിഗണിക്കുന്നതെന്ന് ചോദിച്ച സുപ്രീം കോടതി അടുത്ത ആഴ്ച കേസില്‍ വാദം കേള്‍ക്കാമെന്ന് അറിയിച്ചു. കേരളത്തില്‍ നാളെ വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ അപ്രതീക്ഷിത നീക്കവുമായി രംഗത്തെത്തിയത്.
ഐഎസ്ആർഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ ശശികുമാരനും ഡോ നമ്പിനാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തിനൽകി എന്നതായിരുന്നു ആരോപണം. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴായിരുന്നു നമ്പി നാരായണനെ അറസ്റ്റ് ചെയ്യുന്നത്. 1994 ഡിസംബറില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. പക്ഷേ, തെളിവുകള്‍ ഇല്ലെന്ന് ബോധ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ അറസ്റ്റിന് പിന്നില്‍ കേരളത്തിലെ അന്നത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരാണെന്ന് സിബിഐ അന്വേഷണത്തിൽ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പരമായും കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കെ കരുണാകരന്‍റെ രാജിക്ക് വരെ ചാരക്കേസ് കാരണമായി.
1996 ഏപ്രിലില്‍ സിബിഐ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ജുഡീഷ്യല്‍ കോടതിക്ക് മുന്‍പാകെ സമര്‍പ്പിച്ചു. കോടതി തെളിവുകളുടെ അഭാവത്തില്‍ നമ്പി നാരായണനെ വെറുതെവിട്ടു. അതേ വര്‍ഷം അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഇത് പിന്നീട് കോടതി റദ്ദാക്കി. 2018 ൽ ജസ്റ്റിസ് ദിപക് മിശ്ര ബഞ്ചിന്‍റെ സുപ്രീംകോടതി വിധിയിൽ നമ്പി നാരായണന് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിയായി. സംസ്ഥാന ഗവർമെന്‍റ് 2018 ഓഗസ്ത് 10ന് പരസ്യമായി നഷ്ടപരിഹാര തുക നൽകി വിധി നടപ്പിലാക്കി.