ന്യൂഡൽഹി : 32,000 അധ്യാപക തസ്‌തികകളിലേക്ക് പുതിയ നിയമനം നടത്താൻ പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡിനോട് നിർദേശിച്ച കൊൽക്കത്ത ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സിംഗിൾ ബഞ്ച് നിർദേശപ്രകാരം പുതിയ നിയമനം നടത്തുന്നതിനുള്ള ഇടക്കാല ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുന്നതായി ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരാണ് ഉത്തരവിറക്കിയത്. കൂടാതെ പണം വാങ്ങി സ്‌കൂളുകളിൽ ജോലി വാഗ്‌ദാനം ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട ഹർജിയിൽ എത്രയും വേഗം തീരുമാനം എടുക്കാനും കൊൽക്കത്ത ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
32,000 അധ്യാപകരുടെ അഭിമുഖവും നിയമനവും ഉടനെ സാധ്യമല്ലെന്ന് കാണിച്ച് പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇത് ചെലവേറിയ നടപടിയാണെന്നും ഹർജിക്കാരുടെ വാദം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടതെന്നും ബോർഡ് സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ബോർഡിന്‍റെ ഹർജി സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
2016ൽ ബോർഡ് നിയമിച്ച 32,000 പ്രൈമറി സ്‌കൂൾ അധ്യാപകരുടെ നിയമനം ഹൈക്കോടതി സിംഗിൾ ബഞ്ച് റദ്ദാക്കിയിരുന്നു. നിയമവിരുദ്ധമായാണ് അധ്യാപക നിയമനം നടത്തിയതെന്നും മതിയായ പരിശീലനം ലഭിക്കാതെയാണ് ഇവർ സ്‌കൂളുകളിൽ നിയമിതരായതെന്നും അതിനാൽ ജോലിയിൽ തുടരാൻ യോഗ്യരല്ലെന്നും കാണിച്ചായിരുന്നു പിരിച്ചുവിടൽ. അഭിരുചി പരീക്ഷ പോലും നടത്താതെ വൻ തുക കോഴയായി വാങ്ങിയാണ് നിയമനം നടത്തിയതെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
എന്നാൽ പിന്നീട് ജസ്റ്റിസുമാരായ സുബ്രത താലൂക്‌ദാർ, സുപ്രതിം ഭട്ടാചാര്യ എന്നിവരുടെ ഡിവിഷൻ ബഞ്ച് പിരിച്ചുവിടൽ ബാധിതരായവരുടെ ഭാഗം കേൾക്കാതെ ഉടനെ നടപടി സ്വീകരിക്കുന്നത് ന്യായമല്ലെന്ന് നിരീക്ഷിച്ച് സിംഗിൾ ബഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യുകയും മൂന്ന് മാസത്തിനുള്ളിൽ പുതിയ നിയമനം നടത്താൻ ബോർഡിനോട് ആവശ്യപ്പെടുകയും ചെയ്‌തു. ഈ ഹൈക്കോടതി ഉത്തരവിനെതിരെയാണ് ബോർഡിന്‍റെ ഹർജി. പിരിച്ചുവിടൽ ബാധിച്ച വ്യക്തികൾക്ക് ഇടക്കാല ആശ്വാസം ലഭിച്ചെങ്കിലും മൂന്ന് മാസമെന്ന സമയപരിധിക്കുള്ളിൽ പുതിയ നിയമനം അപ്രായോഗികമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഇടക്കാല ഉത്തരവ് റദ്ദാക്കിയത്.