ന്യൂഡല്‍ഹി: ഭിന്നശേഷിക്കാര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. വിഷയത്തില്‍ രണ്ടാഴ്‌ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ എവര ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിയ്ക്കുകയായിരുന്നു കോടതി.
ഭിന്നശേഷിക്കാര്‍ക്ക് കൊവിഡ് ബാധിയ്ക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ വീടുകളില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനുള്ള സൗകര്യം, വാക്‌സിനേഷന്‍ ക്രമത്തില്‍ മുന്‍ഗണന, കൊവിന്‍ പോര്‍ട്ടലിന് പുറമേ വാക്‌സിനേഷന് വേണ്ടി മറ്റൊരു ഹെല്‍പ്പ്ലൈന്‍, വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജിക്കാര്‍ പരമോന്നത കോടതിയെ സമീപിച്ചത്.
ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് പ്രധാനപ്പെട്ടതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജിക്കാരുടെ ആശങ്കകള്‍ പരിഹരിയ്ക്കുന്ന രീതിയില്‍ ആവശ്യമായ ചുവടുകള്‍ എടുക്കുന്നതിന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് സഹായിയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
രണ്ട് ആഴ്‌ച കഴിഞ്ഞ് കോടതി ഹര്‍ജി വീണ്ടും പരിഗണിയ്ക്കും. സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് നല്‍കണമെന്ന ആവശ്യം ഹര്‍ജിയില്‍ ഉന്നയിച്ചെങ്കിലും അതിന് കാലതാമസം എടുക്കുമെന്നും ആരോഗ്യനയങ്ങള്‍ രൂപീകരിയ്ക്കുന്നത് കേന്ദ്രമായതിനാല്‍ വിഷയത്തില്‍ കേന്ദ്രത്തിന്‍റെ നിലപാട് എന്താണെന്ന് അറിയണമെന്നും ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
Also read: വാക്സിനേഷനിൽ ഭിന്നശേഷിക്കാര്‍ക്ക് മുൻഗണന:ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി