ന്യൂഡൽഹി: മഹാരാഷ്ട്രയിൽ അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളുമായി ബന്ധപ്പെട്ട് സ്‌പീക്കര്‍ക്ക് നോട്ടീസയച്ച് സുപ്രീം കോടതി (SC Notice To Maharashtra Speaker- Regarding Disqualification of Rebel MLAs). കൂറുമാറ്റ നിരോധന നിയമപ്രകാരം (Anti Defection Law) എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജി വേഗത്തിൽ തീർപ്പാക്കാൻ സ്‌പീക്കര്‍ക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP) ശരദ് പവാർ വിഭാഗം നൽകിയ ഹർജിയിലാണ് സുപ്രീം കോടതി തിങ്കളാഴ്‌ച നോട്ടീസ് അയച്ചത്. ഈ ഹർജികളിൽ ഷെഡ്യൂൾ തയ്യാറാക്കാൻ സ്‌പീക്കറോട് കോടതി ആവശ്യപ്പെട്ടതായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഉദ്ധവ് താക്കറെ വിഭാഗവും ശരദ് പവാർ വിഭാഗവും സമർപ്പിച്ച ഹർജികൾ വെള്ളിയാഴ്‌ച ഒരുമിച്ച് ലിസ്റ്റ് ചെയ്യുമെന്നും സുപ്രീം കോടതി അറിയിച്ചു.
ഹര്‍ജിക്കാരനായ ജയന്ത് പാട്ടീലിന് (ശരദ് പവാർ വിഭാഗം) വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലും (Kapil Sibal) അജിത് പവാർ വിഭാഗത്തെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയും (Mukul Rohatgi) സുപ്രീം കോടതിയിൽ ഹാജരായി. സെപ്‌റ്റംബറിൽ മാത്രമാണ് അയോഗ്യത ഹര്‍ജികൾ സമർപ്പിച്ചതെന്നും ഹർജിക്കാരൻ ഉടൻ തന്നെ സുപ്രീംകോടതിയെ സമീപിച്ചെന്നും റോത്തഗി പറഞ്ഞു. ജൂലൈയിൽ തന്നെ ഹർജികൾ സമർപ്പിച്ചിരുന്നതായി സിബലും പറഞ്ഞു. ശിവസേനയുടെ വിഷയത്തോടൊപ്പം എൻസിപിയിലെ വിഷയവും ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോൾ രണ്ട് കേസുകളിലെയും വസ്‌തുതകൾ വ്യത്യസ്‌തമാണെന്നാണ് റോത്തഗി ചൂണ്ടിക്കാട്ടിയത്.
സെപ്‌റ്റംബർ 18-ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്കും മറ്റ് ശിവസേന എംഎൽഎമാർക്കും എതിരായ അയോഗ്യത ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി വേഗത്തിലാക്കിയിരുന്നു. ഒരാഴ്‌ചയ്ക്കകം വിഷയം തൻ്റെ മുമ്പാകെ ലിസ്റ്റ് ചെയ്യാനും അയോഗ്യതാ ഹർജികൾ തീർപ്പാക്കാൻ സമയക്രമം നിശ്ചയിക്കാനും സ്‌പീക്കറോട് ആവശ്യപ്പെട്ടു. സ്‌പീക്കർ സുപ്രീം കോടതിയുടെ മാന്യത പാലിക്കണമെന്നും വിധി വന്ന് നാല് മാസം പിന്നിട്ടെന്നും സുപ്രീം കോടതി പറഞ്ഞു. ഏക്‌നാഥ് ഷിൻഡെ ഉൾപ്പെടെയുള്ള ശിവസേന എംഎൽഎമാരുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സ്‌പീക്കർ രാഹുൽ നർവേക്കറോട് കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂലൈയിലും സുപ്രീം കോടതി മഹാരാഷ്ട്ര നിയമസഭ സ്‌പീക്കർക്ക് നോട്ടീസ് അയച്ചിരുന്നു. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎൽഎമാർക്കെതിരായ അയോഗ്യത ഹർജികളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ സ്‌പീക്കർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ശിവസേന (ഉദ്ധവ് വിഭാഗം) എംഎൽഎ സുനിൽ പ്രഭു നൽകിയ ഹർജിയിലാണ് കോടതി സ്‌പീക്കർക്ക് നോട്ടീസ് അയച്ചത്.