മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനും പിതാവിനും വധഭീഷണി കത്ത് ലഭിച്ച സംഭവത്തിൽ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പ്രശസ്‌ത പഞ്ചാബി ഗായകൻ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചതിന് പിന്നാലെ സൽമാൻ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തികൊണ്ടുള്ള ഒരു കത്ത് നടന്‍റെ പിതാവ് സലിം ഖാന് ലഭിച്ചിരുന്നു. വിഷയത്തിൽ ജൂൺ മാസത്തിൽ ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തു.
തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ ലോറൻസ് ബിഷ്‌ണോയ്‌യുടെ സംഘമാണ് കത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ ലോറൻസ് ബിഷ്‌ണോയ്, സൽമാനെ കൊലപ്പെടുത്തുമെന്ന് മുൻപ് ഭീഷണിപ്പെടുത്തിയിരുന്നു.
2018ൽ പൊലീസ് പിടികൂടിയ ബിഷ്‌ണോയ് കോടതിക്ക് പുറത്ത് വച്ചാണ് സൽമാനെതിരെ വധഭീഷണി മുഴക്കിയത്. സിദ്ദു മൂസേവാലയുടെ മരണ ശേഷമാണ് സൽമാൻ - ബിഷ്‌ണോയ് പ്രശ്‌നം വീണ്ടും ചർച്ചയായത്. വധഭീഷണിയെ തുടർന്ന് സൽമാൻ ഖാനും പിതാവിനും മഹാരാഷ്‌ട്ര സർക്കാരിന്‍റെ ആഭ്യന്തര വകുപ്പ് കനത്ത സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
അതേസമയം പഞ്ചാബ് പൊലീസ് അറസ്‌റ്റ് ചെയ്‌ത പ്രതികൾ രണ്ട് തവണ സൽമാൻ ഖാനെ വധിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും കേസന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. മുംബൈ പൊലീസിന്‍റെ ക്രൈംബ്രാഞ്ച് സംഘം ഡൽഹിയിലെത്തി പ്രതികളെ ചോദ്യം ചെയ്യും.