മുംബൈ: പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു. മൂസേവാലയുടെ കൊലപാതകത്തിന്‍റെ പിന്നിലുള്ള ശക്‌തി കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയാണ് എന്ന വെളിപ്പെടലിന്‍റെ പശ്ചാത്തലത്തിലാണ് സല്‍മാന്‍റെ സുരക്ഷ വര്‍ധിപ്പിച്ചത്. ലോറന്‍സ് ബിഷ്‌ണോയി നിലവില്‍ തീഹാര്‍ ജയിലില്‍ തടവിലാണ്.
രാജസ്‌ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഷ്‌ണോയിയുടെ ഗുണ്ടാസംഘത്തില്‍ നിന്നും സല്‍മാന്‍ ഖാന് സുരക്ഷ ഉറപ്പുവരുത്താനാണ് താരത്തിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചതെന്ന് മഹാരാഷ്ട്ര പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2018ല്‍ ലോറന്‍സ് ബിഷ്‌ണോയി സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയിരുന്നു. 'ഹം സാത്ത് സാത്ത് ഹേന്‍' എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ രാജസ്‌ഥാനിലെ ജോധ്‌പൂരില്‍ വച്ച് കൃഷ്‌ണമൃഗത്തെ വേട്ടയാടിയെന്ന കേസ് സല്‍മാന്‍ ഖാനെതിരെ ഉണ്ടായതിന് ശേഷമാണ് നടന്‍ ലോറൻസിന്‍റെ നോട്ടപ്പുള്ളിയാകുന്നത്.
കൃഷ്‌ണമൃഗത്തെ രാജസ്‌ഥാനിലെ ബിഷ്‌ണോയി വിഭാഗം പരിപാവനമായാണ് കരുതുന്നത്. ലോറന്‍സ് ബിഷ്‌ണോയി സല്‍മാന്‍ ഖാനെ കൊല്ലാന്‍ പദ്ധതിയിട്ടത് പൊലീസിന് വെളിവായിരുന്നു. ബിഷ്‌ണോയിയുടെ അടുത്ത സഹായിയായ സണ്ണി എന്ന് വിളിക്കുന്ന രാഹുലിനെ 2020ല്‍ ഒരു കൊലപാതക കേസില്‍ അറസ്‌റ്റ് ചെയ്‌ത് ചോദ്യം ചെയ്യുന്നതിനിടെയാണ് കൊലപാതക പദ്ധതി അറിഞ്ഞത്.
കൊലപാതകത്തിന്‍റെ പദ്ധതി ആസൂത്രണം ചെയ്യുന്നതിനായി മുംബൈയില്‍ എത്തി നിരീക്ഷണം നടത്തിയിരുന്നു എന്ന് സണ്ണി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. സിദ്ദൂ മൂസേവാലയെ പഞ്ചാബിലെ മന്‍സ ജില്ലയില്‍വച്ച് ഒരു സംഘം ആളുകള്‍ അദ്ദേഹത്തിന്‍റെ കാര്‍ തടഞ്ഞ് നിര്‍ത്തി ഇക്കഴിഞ്ഞ ഞായറാഴ്‌ച നിറയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.