വിജയവാഡ : റെംഡെസിവിർ കുപ്പിയിൽ മരുന്നിന് പകരം ഉപ്പുവെള്ളം വിറ്റ മൂന്ന് പേർ പിടിയിൽ. ആന്ധ്ര പ്രദേശിലെ കൃഷ്‌ണ ജില്ലയിലാണ് സംഭവം. ഒരു കുപ്പിക്ക് 20,000 രൂപ വരെ ഈടാക്കിയാണ് തട്ടിപ്പ് നടത്തിയത്. സ്വകാര്യ ആശുപത്രിയിൽ അനസ്തേഷ്യ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന കൃഷ്‌ണ സ്വദേശി ചോദവരപു കിഷോർ (39), രണ്ട് സുഹൃത്തുക്കളുമായി ചേർന്നാണ് ഇത്തരത്തില്‍ വില്‍പ്പന നടത്തിയത്. റെംഡെസിവിറിൻ്റെ ശൂന്യമായ കുപ്പികൾ ശേഖരിച്ച് അതിൽ ഉപ്പുവെള്ളം നിറച്ചായിരുന്നു വിപണനം.
Read more: റെംഡെസിവിയർ പൂഴ്‌ത്തിവയ്‌പ്പ് : മൂന്നുപേർ അറസ്റ്റില്‍
വ്യാജ മരുന്ന് സ്വീകരിച്ച ഗുണ്ടൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിക്കുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരുന്നിൻ്റെ വിശദാംശങ്ങൾ ഡോക്‌ടറുമായി പങ്കുവയ്ക്കുകയും ചെയ്‌തതോടെയാണ് തട്ടിപ്പ് പുറത്തായത്. കുപ്പിയിലെ മരുന്ന് റെംഡെസിവിർ അല്ലെന്ന് ആശുപത്രിയിലെ ഡോക്‌ടർമാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന ആൻ്റി വൈറൽ മരുന്നായതിനാൽ തന്നെ റെംഡെസിവിറിന് ആവശ്യക്കാർ ഏറെയാണ്. ഈ വസ്‌തുത മുന്നിൽ കണ്ടാണ് യുവാക്കൾ തട്ടിപ്പ് നടത്തിയത്.