ബെംഗളൂരു: മൈസൂരിന് സമീപം മലയാളി സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് ഒരു കോടി കവര്‍ന്നു. മാര്‍ച്ച് 15ന് അര്‍ധരാത്രി ഹുനാസുരു-മഡിക്കേരി ഹൈവേയിലെ യശോദ്‌പൂരിലാണ് സംഭവം നടന്നത് . കണ്ണൂരിലെ സ്വകാര്യ ജ്വല്ലറി ഉടമയായ സൂരജ് ആണ് ആക്രമിക്കപ്പെട്ടത്. ബെംഗളൂരുവിലെത്തി സ്വര്‍ണം വിറ്റ് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു സൂരജും ഡ്രൈവര്‍ സുഭാഷും.
യാത്രയ്ക്കിടെ ഹുനാസുരു-മഡിക്കേരി ഹൈവേയിലെ യശോദ്‌പൂരില്‍ വാഹനം നിര്‍ത്തിയിരുന്നു. പിന്നാലെ 2 ഇന്നോവ കാറുകളിലെത്തിയ 7 അംഗ സംഘം സൂരജിനെയും ഡ്രൈവര്‍ സുഭാഷിനെയും ആക്രമിക്കുകയായിരുന്നു. ഇരുവരെയും തട്ടിക്കൊണ്ട് പോയി വിജനമായ പ്രദേശത്ത് ഉപേക്ഷിച്ച ശേഷം അക്രമി സംഘം കടന്നുകളഞ്ഞു.
ഇരുവരുടെയും മൊബൈല്‍ ഫോണുകളും സംഘം തട്ടിയെടുത്തു. പ്രദേശവാസികളുടെ സഹായത്തോടെയാണ് സൂരജ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ഹുനാസുരു പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.