ന്യൂഡൽഹി: ഇന്ത്യൻ സൈനികന്‍റെ സ്വവർഗ പ്രണയത്തെ ആസ്‌പദമാക്കി ഒരുക്കുന്ന സിനിമയ്‌ക്ക് എൻ.ഒ.സി(നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ്) നിഷേധിച്ചതിൽ വിശദീകരണവുമായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. ഇന്ത്യൻ സൈന്യത്തെ മോശമായി ചിത്രീകരിക്കുകയും സുരക്ഷ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതിനാലാണ് ചിത്രീകരണത്തിന് എൻഒസി നൽകാത്തതെന്ന് അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു.
കാശ്‌മീരിൽ സേവനമനുഷ്ഠിക്കുന്ന സൈനികനും പ്രദേശവാസിയായ ആൺകുട്ടിയും തമ്മിലുള്ള പ്രണയബന്ധത്തെ ആസ്‌പദമാക്കിയുള്ള ചിത്രത്തിനാണ് എൻ.ഒ.സി നിഷേധിച്ചത്. അനുമതി നിഷേധിച്ച പ്രക്രിയ ഏകപക്ഷീയമോ, വിവേചനപരമോ ഭരണഘടനയുടെ ആർട്ടിക്കിൾ 14 ലംഘനമോ അല്ലെന്നും ഭട്ട് പറഞ്ഞു. ദേശീയ സുരക്ഷ, ഇന്ത്യയുടെ പ്രതിരോധം, ക്രമസമാധാന നില എന്നിവയ്‌ക്കാണ് പ്രധാന്യം. അതിനാൽ എൻ.ഒ.സി നിഷേധിച്ചത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെ ലംഘനമല്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ഹിജാബ് വിവാദമാക്കിയത് ബി.ജെ.പി: കോണ്‍ഗ്രസ് എം.പി
2021 ജനുവരി 1 മുതൽ 2022 ജനുവരി 31 വരെ 18 നിർദേശങ്ങൾ സൈന്യത്തിന് ലഭിച്ചു. ഇതിൽ 16 എണ്ണം അംഗീകരിച്ചു, ഒരെണ്ണം നിരസിച്ചു, ഒരെണ്ണം തീർപ്പാക്കപ്പെട്ടിട്ടില്ല. ഇവ കൂടാതെ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് രണ്ട് എൻ.ഒ.സികൾ കൂടി ചിത്രത്തിനായി ആവശ്യപ്പെട്ടിരുന്നു.
പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമകൾക്ക് എൻഒസി നൽകുന്നതിന് പിന്നിലെ യുക്തി സേനയ്‌ക്കോ, സർക്കാരിനോ, രാജ്യത്തിനോ അപകീർത്തി വരുത്തുന്ന രീതിയിൽ ചിത്രീകരിക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണെന്നും ബട്ട് കൂട്ടിച്ചേർത്തു.