റായ്പൂര്‍: 10 മാസം പ്രായമുള്ള കുഞ്ഞിന് ആശ്രിത നിയമന രജിസ്ട്രേഷൻ നല്‍കി ഇന്ത്യന്‍ റെയില്‍വെ. റെയില്‍വെയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ കുഞ്ഞിനെ ആശ്രിത നിയമനത്തിനായി രജിസ്റ്റര്‍ ചെയ്യുന്നത്. ഛത്തീസ് ഗഡിലെ റായ്‌പൂര്‍ ഡിവിഷനാണ് രാധിക യാദവ് എന്ന പെണ്‍കുഞ്ഞിന്‍റെ രജിസ്‌ട്രേഷന്‍ നടത്തിയത്.
രാധിക യാദവിന് പതിനെട്ട് വയസ് പൂര്‍ത്തിയാകുമ്പോള്‍ റെയില്‍വെയില്‍ ജോലിയില്‍ പ്രവേശിക്കാം. ബിലായിയെ പിപിയാര്‍ഡിലെ അസിസ്റ്റന്‍റ് ആയിരുന്നു രാധികയുടെ അച്‌ഛന്‍ രാജേന്ദ്ര കുമാര്‍ യാദവ്. ജൂണ്‍ ഒന്നിനാണ് രാജേന്ദ്രകുമാര്‍ യാദവ് ഭാര്യ മഞ്ചുവും റോഡപകടത്തില്‍ മരണപ്പെടുന്നത്.
ഇവര്‍ ബൈക്കില്‍ യാത്രചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് രാധികയും ഇവരോടൊപ്പം ബൈക്കില്‍ ഉണ്ടായിരുന്നു. എന്നാല്‍ രാധിക അദ്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മുത്തശ്ശിയാണ് ഇപ്പോള്‍ രാധികയെ സംരക്ഷിച്ചുവരുന്നത്.
ചട്ടപ്രകാരമുള്ള എല്ലാ സഹായവും കുട്ടിക്ക് ലഭ്യമാക്കുമെന്ന് റായിപൂര്‍ റെയില്‍വെ ബോര്‍ഡ് അറിയിച്ചു. ആശ്രിത നിയമനത്തിന് അര്‍ഹതപ്പെട്ട വ്യക്തിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ ആ കുട്ടിയെ ആശ്രിത നിയമനത്തിനായി രജിസ്റ്റര്‍ ചെയ്യണമെന്നും അതിന് ശേഷം പ്രായപൂര്‍ത്തിയാകുമ്പോള്‍ ജോലി നല്‍കണമെന്നുമാണ് ചട്ടം. രജിസ്റ്റര്‍ ചെയ്യുന്നതിന്‍റെ ഭാഗമായി കുട്ടിയുടെ വിരലടയാളം റെയില്‍വെ അധികൃതര്‍ എടുത്തു.