ഭുവനേശ്വർ: കലയുടെയും ശില്പത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഉറവിടമാണ് സുന്ദരവും സ്വച്ഛവും ശ്രേഷ്ഠവുമായ നാടായ ഒഡിഷ. മഹത്തായ ശില്പ പാരമ്പര്യം പേറുന്ന നാടിനെ ലോകത്തിന് പരിചയപ്പെടുത്തിയ, ഒഡിഷയുടെ ശില്പങ്ങൾ ലോകത്തിന് മുന്നിൽ എത്തിച്ച പ്രശസ്ത ശില്പിയാണ് പരേതനായ രഘുനാഥ് മോഹൻപാത്ര.
ഒഡിഷയുടെ അതുല്യ നിധിയായ കലകളും ശില്പങ്ങളും സംരക്ഷിക്കാൻ രഘുനാഥ് സമർപ്പിച്ചത് തന്‍റെ ആയുഷ്കാലമാണ്. തന്‍റെ ജന്മനാടായ ക്ഷേത്രനഗരമെന്ന് പേരുകേട്ട പുരി മുതൽ അങ്ങ് യൂറോപ്പിലെ പാരിസ് വരെ എത്തി നിൽക്കുകയാണ് മോഹൻപാത്രയുടെ കൈയ്യൊപ്പ് പതിഞ്ഞ ശില്പങ്ങൾ. കല്ലിൽ കൊത്തിയുണ്ടാക്കിയ മോഹൻപാത്രയുടെ ശില്പങ്ങൾക്ക് രാജ്യത്ത് മാത്രമല്ല, വിദേശത്തും വലിയ പ്രചാരമാണ് ലഭിച്ചത്. മോഹൻപാത്രയുടെ ശില്പങ്ങൾക്ക് ലോകത്തിന് മുന്നിൽ ലഭിച്ച അംഗീകാരം ഒഡിഷയിലെ ജനങ്ങൾക്ക് കൂടി ലഭിച്ച അംഗീകാരമാണ്.
കല, വാസ്തുവിദ്യ, സംസ്കാരം, പാരമ്പര്യം, സംഗീതം, നൃത്തം, വസ്ത്രധാരണം, ഒഡിഷയുടെ അലങ്കാര ശൈലി എന്നിവയുടെയെല്ലാം അന്തഃസത്ത ചേർന്നിണങ്ങിയതായിരുന്നു രഘുനാഥിന്‍റെ ശില്പങ്ങൾ. ശിലകൾക്ക് അക്ഷരാർഥത്തിൽ ജീവൻ നൽകുകയായിരുന്നു രഘുനാഥ്. അദ്ദേഹം തൊടുന്ന കല്ലുകൾ നിരന്തരം കവിതയായി മാറുകയും കഥകളായ് പുനർജനിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ശില്പ കലയിലെ മിന്നും സൂര്യനായ രഘുനാഥ് ബാലസൂരിൽ നിർമിച്ച പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന്‍റെ തനിപകർപ്പ്, രാജ്യത്തും വിദേശത്തുമായി നിർമിച്ച പതിനാലോളം ക്ഷേത്രങ്ങൾ, തുടങ്ങി നിരവധി അതുല്യ ശില്പങ്ങൾ എന്നിവക്ക് ജീവൻ നൽകി.
പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിലെ സൂര്യ നാരായണന്‍റെ ആറടി ഉയരമുള്ള ചിത്രം, പാരിസിലെ ബുദ്ധക്ഷേത്രത്തിലെ മരത്തടിയിൽ നിർമിച്ച ബുദ്ധ പ്രതിമ, ന്യൂഡൽഹിയിലെ അശോക ഹോട്ടലിൽ സ്ഥിതിചെയ്യുന്ന കൊണാർക്ക് ക്ഷേത്ര പ്രശസ്തിയുടെ 14 അടിഉയരമുള്ള രഥം, പുതിയ രീതിയിൽ അക്ഷർധാം ക്ഷേത്രത്തിന്‍റെ നിർമാണം, സൂര്യനാരായണ ക്ഷേത്രത്തിന്‍റെ പകർപ്പ്, ലഡാക്കിലെ ഇരുപത് അടി ഉയരമുള്ള മൂന്ന് ബുദ്ധക്ഷേത്രങ്ങൾ, ജപ്പാനിലെ 15 അടി ഉയരമുള്ള അശോക സ്തംഭം എന്നിവ അദ്ദേഹത്തിന്‍റെ കരവിരുതുകളിൽ ചിലത് മാത്രമാണ്.
ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫിസിൽ സ്ഥാപിച്ചിരിക്കുന്ന വെളുത്ത ഗ്രാനൈറ്റ് ‘ധോളപുരി’ കല്ലിൽ നിന്ന് നിർമിച്ച വിളക്ക് അദ്ദേഹത്തിന്‍റെ ഗംഭീരവും ആകർഷകവുമായ കലാസൃഷ്ടിയാണ്.
ബാലസൂരിലെ ഇമാമി ജഗന്നാഥ ക്ഷേത്രം, ഭുവനേശ്വറിനടുത്തുള്ള ധൗളി കുന്നിലുള്ള ബുദ്ധക്ഷേത്രത്തിന്‍റെ രണ്ട് തനിപ്പകർപ്പുകൾ, കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിന് സമീപമുള്ള കൊണാർക്ക ക്ഷേത്ര കുതിരപ്പടയുടെ 12 അടി ഉയരമുള്ള പകർപ്പ്, ഭുവനേശ്വറിലെ പുതിയ വിമാനത്താവളത്തിലെ കൊണാർക്ക ക്ഷേത്രത്തിലേതിന് സമാനമായ പതിനാറ് രഥ ചക്രങ്ങൾ, എഴുപത് അടി ഉയരത്തിലുള്ള ടിറ്റ്ലഗഡിലുള്ള മൂന്ന് ക്ഷേത്രങ്ങൾ എന്നിവയെല്ലാം രഘുനാഥിന്‍റെ അത്ഭുത സംഭാവനകളാണ്. ഒഡിഷയുടെ കലയുടെയും സംസ്കാരത്തിന്‍റെയും പ്രത്യേകതകളിലേക്ക് കൂടിയാണ് ഈ കലാസൃഷ്ടികൾ വിരൽ ചൂണ്ടുന്നത്.
മൂന്ന് ‘പത്മ’ അവാർഡുകളും ലഭിച്ച ആദ്യത്തെ ഒഡിയ ആർട്ടിസ്റ്റാണ് രഘുനാഥ്. എങ്കിലും, പ്രസിദ്ധമായ കൊണാർക്ക് ക്ഷേത്രം പോലെ രണ്ടാമതൊരു ക്ഷേത്രം പണിയാനും പുതിയ പാർലമെന്‍റ് കെട്ടിടത്തിൽ കൈ തൊടാനുമുള്ള അദ്ദേഹത്തിന്‍റെ ആഗ്രഹം അകാലമരണം മൂലം പൂർത്തീകരിക്കാനായില്ല. രാജ്യസഭയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായ അദ്ദേഹം കഴിഞ്ഞ മാസം കൊവിഡിനിരയായി.
പരമ്പരാഗത കലാസൃഷ്ടികളുടെ അതുല്യ ശില്പി ഇപ്പോൾ നമ്മോടൊപ്പമില്ലെങ്കിലും അദ്ദേഹത്തിന്‍റെ ശില്പങ്ങളും കലാസൃഷ്ടികളും ഭൂമിയിൽ കലാസ്വാദകരുള്ളിടത്തോളം കാലം നിലനിൽക്കും. രഘുനാഥ് മോഹൻപാത്ര തന്‍റെ കലകളിലൂടെ എന്നെന്നും ഓർമിക്കപ്പെടും.