ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു. 40 ബേസിസ് പോയിന്‍റുകള്‍ വർധിപ്പിച്ച് 4.40 ശതമാനമായാണ് ഉയര്‍ത്തിയത്. രാജ്യത്തെ പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിലാണ് നടപടി.
പോളിസി റിപ്പോ നിരക്കുകൾ 40 ബേസിസ് പോയിന്‍റുകള്‍ വർധിപ്പിക്കാൻ മോണിറ്ററി പോളിസി കമ്മിറ്റി ഐകകണ്‌ഠേന വോട്ട് ചെയ്‌തുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. 2018 ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തുന്നത്. വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കുകയാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്‌ഡിഎഫ്) നിരക്ക് 4.15 ശതമാനമായി ഉയര്‍ത്തി. മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എംഎസ്‌എഫ്) നിരക്കും ബാങ്ക് നിരക്കും 4.65 ശതമാനമാണ്. കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) 50 ബേസിസ് പോയിന്‍റുകള്‍ ഉയര്‍ത്തി മെയ് 21 മുതല്‍ 4.5 ശതമാനമാക്കിയിട്ടുണ്ട്.
വാണിജ്യ ബാങ്കുകൾ അവരുടെ സെക്യൂരിറ്റികൾ സെൻട്രൽ ബാങ്കിന് (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) വിറ്റ് പണം കടം വാങ്ങുന്ന നിരക്കിനെ സൂചിപ്പിക്കുന്നതാണ് റിപ്പോ നിരക്ക്. സെൻട്രൽ ബാങ്ക് വാണിജ്യ ബാങ്കുകളില്‍ നിന്നും പണം കടം വാങ്ങുന്ന നിരക്കാണ് റിവേഴ്‌സ് റിപ്പോ നിരക്ക്. വായ്‌പയും നിക്ഷേപവും വർധിപ്പിക്കുന്നതിന് ഈ നിരക്കുകൾ പ്രധാനമാണ്.
വാണിജ്യ ബാങ്കുകളില്‍ നിന്ന് സര്‍ക്കാര്‍ ഗ്യാരന്‍റിയുള്ള ഈടില്ലാതെ തന്നെ അധിക വായ്‌പയെടുക്കാന്‍ റിസർവ് ബാങ്കിനെ സഹായിക്കുന്നതാണ് സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി അഥവാ എസ്‌ഡിഎഫ്. അടിയന്തര ഘട്ടങ്ങളില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വാണിജ്യ ബാങ്കുകള്‍ക്ക് കടമെടുക്കാനുള്ള സൗകര്യമാണ് മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി നല്‍കുന്നത്.
വായ്‌പയെടുത്തവരെ റിപ്പോ നിരക്ക് വര്‍ധനവ് എങ്ങനെ ബാധിക്കും ? : ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തുന്നതോടെ ബാങ്കുകളും വായ്‌പ പലിശ നിരക്ക് ഉയർത്തും. ഭവന വായ്‌പ, വാഹന വായ്‌പ, സ്വകാര്യ വായ്‌പ തുടങ്ങിയവയുടെ പലിശ നിരക്കാണ് ഉയരുക. ഹ്രസ്വകാല-ഇടക്കാല പലിശ നിരക്ക് ആണ് ആദ്യം ഉയരാന്‍ സാധ്യതയുള്ളത്.
നിങ്ങള്‍ ഓട്ടോ ലോണ്‍ അല്ലെങ്കില്‍ സ്വകാര്യ വായ്‌പ എടുത്തവരാണെങ്കില്‍ നിലവിലെ പലിശ നിരക്ക് നിങ്ങളുടെ വായ്‌പയെ ബാധിക്കില്ല. നിലവിലുള്ള ഇഎംഐ അടയ്ക്കുന്നത് തുടരാം. എന്നാല്‍ ഭവന വായ്‌പയെടുത്തവരാണെങ്കില്‍ നിങ്ങളെ ബാധിക്കും. കാരണം ഭൂരിഭാഗം ഭവന വായ്‌പകളും ഫ്ലോട്ടിങ് നിരക്ക് അടിസ്ഥാനത്തിലാണ് (അതായത് നിരക്കുകള്‍ വായ്‌പയെടുത്തവര്‍ക്ക് ബാധകമാകും).
2019 ഒക്‌ടോബര്‍ ഒന്നിന് ശേഷം എടുത്ത ഭവന വായ്‌പകള്‍ ആര്‍ബിഐയുടെ നിർദേശപ്രകാരം എക്സ്റ്റേണല്‍ ബഞ്ച് മാര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും. ഒട്ടുമിക്ക ബാങ്കുകളും റിപ്പോ നിരക്കാണ് എക്സ്റ്റേണല്‍ ബഞ്ച് മാര്‍ക്കായി തെരഞ്ഞെടുക്കുന്നത്. അതായത് റിപ്പോ നിരക്കിലെ വര്‍ധനവ് വായ്‌പ പലിശ നിരക്ക് ഉയരാന്‍ കാരണമാകുമെന്ന് ചുരുക്കം.
അതേസമയം, സ്ഥിര നിക്ഷേപമുള്ളവര്‍ എഫ്‌ഡി കൂടുതല്‍ കാലത്തേക്ക് ആരംഭിക്കുകയോ പുതുക്കുകയോ ചെയ്യരുതെന്നാണ് വിദഗ്‌ധരുടെ നിർദേശം. ഹ്രസ്വകാലത്തേക്ക് (ഉദാഹരണത്തിന് ഒരു വര്‍ഷമോ അതില്‍ താഴെയോ) സ്ഥിര നിക്ഷേപം എടുക്കുന്നതാണ് ഉത്തമം. പലിശ നിരക്ക് ഉയരുന്നതിനനുസരിച്ച് എഫ്‌ഡിയുടെ കാലാവധിയും നീട്ടാം.