അമരാവതി: ആന്ധ്രപ്രദേശില്‍ അധ്യാപകന്‍ ലൈംഗിക പീഡനത്തിനിരയാക്കിയ വിദ്യാര്‍ഥിനി പ്രസവിച്ചു. ശ്രീ സത്യസായി ജില്ലയിലെ കാദിരി സ്വദേശിയായ 16കാരിയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സംഭവത്തില്‍ അധ്യാപകനായ റെഡ്ഡി നാഗയ്യക്കെതിരെ പൊലീസ് കേസെടുത്തു. പോക്‌സോ നിയമത്തിലെ 376, 506 വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത് (Rape Case Against School Teacher).
സ്‌കൂളിലെത്തിയ വിദ്യാര്‍ഥി വെള്ളം കുടിക്കാനായി ഓഫിസ് മുറിയിലെത്തിയപ്പോഴാണ് ലൈംഗിക പീഡനത്തിന് ഇരയായത്. ഓഫിസില്‍ മറ്റ് അധ്യാപകരില്ലാത്ത സമയത്താണ് ഇയാള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചത്. സംഭവത്തിന് പിന്നാലെ പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. അതുകൊണ്ട് വിദ്യാര്‍ഥി ഇക്കാര്യം മറ്റാരോടും പറഞ്ഞില്ല.
ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് (ഒക്‌ടോബര്‍ 14) വിദ്യാര്‍ഥിയ്‌ക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് കുടുംബം കുട്ടിയെ കാദിരിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തി പരിശോധനക്ക് വിധേയയായ പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. വിദ്യാര്‍ഥി പ്രസവിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത് (Rape Case In Kadiri).
പ്രസവത്തെ തുടര്‍ന്ന് രക്തം കുറവായത് കൊണ്ട് അമ്മയെയും കുഞ്ഞിനെയും അനന്തപൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചു. ഇരുവരെയും അനന്തപൂരിലേക്ക് മാറ്റിയതിന് പിന്നാലെ കുടുംബം കാദിരി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അധ്യാപകനെതിരെ പൊലീസ് കേസെടുത്തത്.
കര്‍ണാടകയില്‍ 21 കാരി കൂട്ടബലാത്സംഗത്തിനിരയായി: ബെല്ലാരിയില്‍ 21 കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ നാല് യുവാക്കള്‍ക്കെതിരെ കേസ്. ബെല്ലാരിയിലെ കൗള്‍ ബസാര്‍ സ്വദേശികള്‍ക്കെതിരെയാണ് കേസ്. ബെല്ലാരിയിലെ കോളജ് വിദ്യാര്‍ഥിയാണ് ബലാത്സംഗത്തിന് ഇരയായത്.
കോളജില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിയെ സഹോദരന്‍ പുറത്ത് കാത്ത് നില്‍ക്കുന്നുവെന്ന് പ്രതികളിലൊരാള്‍ പറഞ്ഞു. സഹോദരനെ കാണാനായി കോളജിന് പുറത്തെത്തിയ പെണ്‍കുട്ടിയെ പ്രതികള്‍ നാല് പേരും ചേര്‍ന്ന് ബലമായി വാഹനത്തില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു. യുവാക്കള്‍ നിര്‍ബന്ധിപ്പിച്ച് വിദ്യാര്‍ഥിയെ മദ്യം കഴിപ്പിക്കുകയും അബോധാവസ്ഥയിലായതിന് ശേഷം കോപ്പല്‍ ജില്ലയിലെ ഗംഗാവതിയിലെ ഹോട്ടലിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.
പീഡനത്തിന് ഇരയായതിന് പിന്നാലെ വിദ്യാര്‍ഥിയുടെ പിതാവ് ബെല്ലാരി പൊലീസ് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നാല് പേര്‍ക്കെതിരെയും കേസെടുത്തത്. ഐപിസി 341, 366, 342, 376,114, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.