ബിജ്‌നോർ: തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രതിപക്ഷനേതാവായി കാണണമെന്ന് ആഗ്രഹിക്കുന്നതായി കർഷക നേതാവും ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്താവുമായ രാകേഷ് ടികായത്. തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ അന്തരീക്ഷം ഉണ്ടാക്കുന്നതിന് പടിഞ്ഞാറൻ ഉത്തർപ്രദേശിൽ വീടുവീടാന്തരം കയറിയിറങ്ങി അദ്ദേഹം പ്രചാരണം നടത്തിയിരുന്നു.
ശക്തമായ ജനാധിപത്യം ഉണ്ടായിരിക്കണമെന്നത് കൊണ്ട് അർഥമാക്കുന്നത്, എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം, സമാധാനപരമായ അന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയ, എല്ലാവർക്കും അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ടുചെയ്യാനുള്ള അനുവാദം എന്നിവയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ശക്തനായ ഒരാളായിരിക്കണം പ്രതിപക്ഷ നേതാവ്. അതിന് യോഗിയേക്കാൾ മികച്ചതായി മറ്റാരുമില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു.
ALSO READ: കോണ്‍ഗ്രസെന്ന 'മഹാസമുദ്ര'ത്തില്‍ നിന്നും ആരെങ്കിലും പോയാല്‍ ഒന്നുമില്ല: അശോക് ഗെലോട്ട്
ബുധനാഴ്‌ച ബിജ്‌നോർ ജില്ലയിലെ നിരവധി ഗ്രാമങ്ങളിലെത്തി ബിജെപി സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ അദ്ദേഹം കർഷകരോട് അഭ്യർഥിച്ചിരുന്നു. നജിബാബാദ് തഹസിലിനു കീഴിലുള്ള തിക്രി ഗ്രാമത്തിൽ, സിഖ് സമുദായത്തിൽ നിന്നുള്ള കർഷകരോട് ബിജെപിക്കെതിരെ വോട്ടുചെയ്യാൻ അഭ്യർഥിച്ച ടികായത്, പ്രതിപക്ഷം അധികാരത്തിൽ വരാൻ സ്ഥാനാർഥികളെ തിരഞ്ഞെടുക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
വ്യാഴാഴ്‌ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യോഗി ആദിത്യനാഥ് ബിജ്‌നോർ സന്ദർശിക്കാനിരിക്കെ ടികായതിന്‍റെ ജില്ലയിലെ സാന്നിധ്യം ഏറെ നിർണായകമാണ്. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ഹെലികോപ്‌ടർ ബിജ്‌നോർ പൊലീസ് ലൈനിൽ ലാൻഡ് ചെയ്യും. തുടർന്ന് ജില്ലാ ആശുപത്രി സന്ദർശിച്ച ശേഷം അദ്ദേഹം ബിജെപി പ്രവർത്തകരുമായി കൂടിക്കാഴ്‌ച നടത്തും.