ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരാറിവാളന്‍റെ പരോൾ വൈദ്യചികിത്സയ്ക്കായി സുപ്രീം കോടതി നീട്ടി നൽകി. പേരറിവാളന് നൽകുന്ന അവസാനത്തെ പരോൾ നീട്ടിക്കൊടുക്കലാണിതെന്നും കോടതി വ്യക്തമാക്കി. ആവശ്യമായ വൈദ്യചികിത്സയ്ക്കായി പേരാറിവാളനെ സിഎംസി വെല്ലൂരിലേക്ക് കൊണ്ടുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി തമിഴ്‌നാട് സർക്കാരിന് നിർദേശം നൽകി. വൃക്കയിൽ 25% തടസ്സമുണ്ടായതിനാൽ 4 ആഴ്‌ചത്തേക്ക് പരോൾ നീട്ടണമെന്നായിരുന്നു അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ കാര്യം സർക്കാരിനെ അറിയിക്കാനായിരുന്നു കോടതിയുടെ മറുപടി.
ജസ്റ്റിസ് എൽ നാഗേശ്വര റാവു, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് പരോൾ അനുവദിച്ചത്. 2 വർഷത്തിനുള്ളിൽ 30 ദിവസം മാത്രം അനുവദിക്കുന്ന പരോൾ പേരറിവാളന് 51 ദിവസത്തേക്ക് നൽകിയിട്ടുണ്ടെന്ന് തമിഴ്‌നാട് കോടതിയെ അറിയിച്ചു. കൂടാതെ 25 കിലോമീറ്റർ അകലെയുള്ള ആശുപത്രിക്ക് പകരം 200 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ പോകാനാണ് പേരറിവാളൻ ആഗ്രഹിക്കുന്നതെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.