ജോധ്പൂർ (രാജസ്ഥാൻ): തെരുവ് നായയെ കാറിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ച രാജസ്ഥാൻ സർക്കാർ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജനെതിരെ കേസ്. പ്രശസ്‌ത പ്ലാസ്റ്റിക് സർജനായ ഡോക്‌ടർ രജനീഷ് ഗാൽവയ്‌ക്കെതിരെയാണ് കേസ്. സംഭവത്തിൽ നായയുടെ കാലുകൾക്ക് പരിക്കേൽക്കുകയും കഴുത്തിൽ ചതവ് ഉണ്ടാകുകയും ചെയ്‌തുവെന്ന് ഡോഗ് ഹോം ഫൗണ്ടേഷനിലെ കെയർടേക്കർ പറഞ്ഞു.
യാത്രക്കാരാണ് ഗാൽവയുടെ ക്രൂരതയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. തുടർന്ന് യാത്രക്കാർ ഗാൽവയുടെ കാർ നിർത്തിക്കുകയും നായയെ രക്ഷിക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് ആദ്യം സഹകരിക്കാൻ വിമുഖത കാണിച്ചതായി ഷെൽട്ടർ ഹോമിന്‍റെ കെയർടേക്കർ ആരോപിച്ചു.
നായയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും പരിക്കേറ്റ നായക്ക് ചികിത്സ നൽകാൻ അനുവദിക്കാതെ മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ പിടിച്ചുവെക്കുകയും ചെയ്‌തുവെന്നും തുടർന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത് എന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 428 (മൃഗത്തെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുക), മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ സെക്ഷൻ 11 (മൃഗങ്ങളോട് ക്രൂരമായി പെരുമാറുക) എന്നിവ പ്രകാരം ഡോക്‌ടർ രജനീഷ് ഗാൽവയ്‌ക്കെതിരെ കേസെടുത്തതായി ശാസ്ത്രി നഗർ എസ്എച്ച്ഒ ജോഗേന്ദ്ര സിംഗ് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ സംഭവത്തിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകിയതായി എസ്എൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലും കൺട്രോളറുമായ ഡോ. ദിലീപ് കചവാഹ പറഞ്ഞു.
Also read: അയൽവാസിയുടെ വളർത്തുനായ കുരച്ചു; പ്രകോപിതനായ യുവാവ് നായയെ വെടിവച്ച് കൊലപ്പെടുത്തി