പാലി : രാജസ്ഥാനില്‍ ടി.സി (Transfer Certificate) വാങ്ങാനെത്തിയ ബിരുദ വിദ്യാര്‍ഥിയ്‌ക്കുനേരെ തോക്കുചൂണ്ടിയ അധ്യാപകന്‍ അറസ്റ്റില്‍. പാലി ജാദന്‍ ആശ്രമത്തിലെ അധ്യാപകന്‍ ഹിരപ്രസാദ് ജാട്ടിനെ, ശിവപുര പൊലീസ് ഉദ്യോഗസ്ഥാന്‍ മഹേഷ് ഗോയലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വാക്കുതര്‍ക്കമാണ് സംഭവത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു.
ഓഗസ്റ്റ് 20 ന് അറസ്റ്റിലായ അധ്യാപകനില്‍ നിന്നും നാടൻ പിസ്റ്റളും മൂന്ന് ഉണ്ടകളും കണ്ടെടുത്തു. സംഭവത്തില്‍, ഹിരപ്രസാദുമായി വാക്കേറ്റമുണ്ടാക്കിയ വിദ്യാർഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊതുവിടങ്ങളില്‍ കൂട്ടം ചേര്‍ന്ന് സമാധാനാന്തരീക്ഷം തകര്‍ത്തുവെന്ന് ആരോപിച്ച് ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 151-ാം വകുപ്പ് ചുമത്തി കേസെടുത്തു.
ശ്രകൃഷ്‌ണ ജയന്തി ദിനമായ ഓഗസ്റ്റ് 18 ന് പൂര്‍വ വിദ്യാര്‍ഥിയായ യുവാവ് സ്ഥാപനത്തിലെത്തുകയുണ്ടായി. അവിടെ സ്ഥാപിച്ച വസ്‌തു നശിപ്പിച്ചെന്ന് പറഞ്ഞ് അധ്യാപന്‍ വിദ്യാര്‍ഥിക്കെതിരെ തിരിയുകയും ആശ്രമത്തിൽ നിന്ന് പുറത്താക്കുകയും ചെയ്‌തു. തുടര്‍ന്ന്, വെള്ളിയാഴ്‌ച (ഓഗസ്റ്റ് 19) സുഹൃത്തുക്കളോടൊപ്പം യുവാവ് ആശ്രമത്തിലെത്തി അധ്യാപകനെതിരെ തിരിയുകയായിരുന്നു. തുടര്‍ന്ന്, തർക്കം രൂക്ഷമാവുകയും കേസിനാസ്‌പദമായ സംഭവമുണ്ടാവുകയും ചെയ്‌തു.