ജയ്‌പൂർ: വികസിത രാജ്യങ്ങളിലുള്ളവർ ശാസ്‌ത്രലോകത്ത് ജീവിക്കുമ്പോൾ ഇന്ത്യയിലെ സ്‌ത്രീകൾ ഭർത്താവിന്‍റെ ദീർഘായുസിന് വേണ്ടി കർവ ചൗത് ദിനത്തിൽ ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നത് ദൗർഭാഗ്യകരമാണെന്ന് രാജസ്ഥാൻ മന്ത്രി ഗോവിന്ദ് റാം മേഘ്‌വാൾ. ചൈനയിൽ 80 ശതമാനം സ്‌ത്രീകളും അമേരിക്കയിൽ 50 ശതമാനം സ്‌ത്രീകളും ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടാണ് ഈ രണ്ട് രാജ്യങ്ങളും പുരോഗതി നേടുന്നത്. എന്നാൽ നമ്മുടെ രാജ്യത്തെ സ്‌ത്രീകൾ ഇപ്പോഴും കർവ ചൗത് ദിനത്തിൽ അരിപ്പയിലൂടെ ചന്ദ്രനെ നോക്കി പ്രാർഥിക്കുകയും ഉപവാസം അനുഷ്‌ഠിക്കുകയും ചെയ്യുകയാണ്. ഇത് ദൗർഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു.
എന്നാൽ രാജ്യത്തെ പുരുഷന്മാർ അവരുടെ ഭാര്യമാരുടെ ദീർഘായുസിന് വേണ്ടി ഒന്നും ചെയ്യാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയ്‌പൂരിലെ ബിർള ഓഡിറ്റോറിയത്തിൽ നടന്ന ഡിജിഫെസ്റ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജസ്ഥാൻ ദുരന്ത നിവാരണ, ദുരിതാശ്വാസ മന്ത്രി മേഘ്‌വാൾ.
മേഘ്‌വാളിന്‍റെ പ്രസ്‌താവന ബിജെപി നേതാക്കൾക്കിടയിൽ കനത്ത പ്രതിഷേധത്തിനാണ് വഴിവച്ചത്. പലരും മന്ത്രി പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റാത്തോഡ്, ബിജെപി സംസ്ഥാന വക്താവ് അനിത ഭാഡേൽ, എംഎൽഎ രാംലാൽ ശർമ എന്നീ ബിജെപി നേതാക്കൾ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി.
പാർട്ടി എന്ന നിലയിൽ കോൺഗ്രസ് പ്രീണന നയമാണ് പിന്തുടരുന്നതെന്നും രാജ്യത്ത് ഹിന്ദുക്കൾ ആവർത്തിച്ച് പരിഹസിക്കപ്പെടുകയാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. രാജ്യത്തെ കോടിക്കണക്കിന് സ്‌ത്രീകളെയാണ് മന്ത്രി അപമാനിച്ചത്. പ്രസ്‌താവന പിൻവലിക്കണമെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് മേഘ്‌വാളിനെതിരെ നടപടിയെടുക്കണമെന്നും എംഎൽഎ രാംലാൽ ശർമ ആവശ്യപ്പെട്ടു.
കർവ ചൗത് പവിത്രമായി കരുതുന്ന കോടിക്കണക്കിന് ഇന്ത്യൻ സ്‌ത്രീകളുടെ വിശ്വാസത്തെയാണ് മേഘ്‌വാൾ അപമാനിച്ചതെന്ന് രാജേന്ദ്ര റാത്തോഡ് ട്വിറ്ററിൽ കുറിച്ചു. സോണിയ ഗാന്ധിയുടെ സ്വാധീനത്താലാണ് മേഘ്‌വാൾ ഇത്തരമൊരു പ്രസ്‌താവന നടത്തിയതെന്നും ഇന്ത്യൻ പാരമ്പര്യങ്ങളെ അവഹേളിച്ച് പാശ്ചാത്യ സംസ്‌കാരത്തെ മഹത്വവത്‌കരിക്കുകയാണെന്നും അനിത ഭാഡേൽ പറഞ്ഞു.
മതത്തിന്‍റെയും ജാതിയുടേയും പേരിൽ ചിലർ സംഘർഷമുണ്ടാക്കുന്നുവെന്നും അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്നും പ്രസ്‌താവന നടത്തി നേരത്തെയും ഗോവിന്ദ് റാം മേഘ്‌വാൾ വിവാദത്തിലായിട്ടുണ്ട്.
കർവ ചൗത്: ഭർത്താവിന്‍റെ രക്ഷയ്‌ക്കും ആയുസിനും വേണ്ടി സൂര്യോദയം മുതൽ ചന്ദ്രോദയം വരെ വിവാഹിതരായ ഹിന്ദു സ്‌ത്രീകൾ എടുക്കുന്ന ഒരു ദിവസത്തെ വ്രതമാണ് കർവ ചൗത്. ആഗ്രഹിക്കുന്ന ജീവിതപങ്കാളിയെ ലഭിക്കുന്നതിന് അവിവാഹിതരായ സ്‌ത്രീകളും കർവ ചൗത് ആചരിക്കാറുണ്ട്. ഉത്തരേന്ത്യയിലും പശ്ചിമേന്ത്യയിലുമാണ് കർവ ചൗത് ആഘോഷിക്കുന്നത്.