ജയ്പൂര്‍:നാല്‍പ്പത് കൊല്ലത്തിനിടെ ഒരു സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിച്ച കേരളത്തിന്‍റെ ഉദാഹരണം ചൂണ്ടിക്കാട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നും കോണ്‍ഗ്രസ് തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കൊറോണ മഹാമാരിയെ കൈകാര്യം ചെയ്തതിന്‍റെ വിജയമാണ് കേരളത്തില്‍ അധികാരത്തുടര്‍ച്ച നേടിക്കൊടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാമാരി അടക്കം വിവിധ രംഗങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ മുന്നേറ്റങ്ങള്‍ രാജസ്ഥാനിലെ ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. സംസ്ഥാനത്തെ വികസനം ചൂണ്ടിക്കാട്ടി ആയിരുന്നു കോണ്‍ഗ്രസിന്‍റെ പ്രചാരണങ്ങള്‍. എന്നാല്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും പ്രകോപനപരമായ നിലപാടാണ് സംസ്ഥാനത്തെ പ്രചാരണങ്ങളില്‍ സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അവര്‍ ജനങ്ങളില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മനസിലായെന്നും കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ തിരിച്ച് വരുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
തൊഴിലാളികള്‍ക്ക് മികച്ച കൂലിയും ആരോഗ്യപരിരക്ഷയും ഈ സര്‍ക്കാര്‍ ഉറപ്പാക്കി. ജനങ്ങള്‍ക്ക് വേണ്ടി വിവിധ ക്ഷേമപദ്ധതികളും നല്‍കിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. കുതിരക്കച്ചവടത്തിലൂടെയല്ലാതെ തന്‍റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിക്ക് സാധിക്കില്ല. ഗെലോട്ടിന്‍റെ പണമിടപാടുകള്‍ പുറത്താക്കിയ മന്ത്രി രാജേന്ദ്ര സിങ് ഗുധയുടെ റെഡ് ഡെയറി വഴിയാണെന്ന ആരോപണമാണ് ബിജെപി ഇപ്പോള്‍ ഉയര്‍ത്തുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ കുതിരക്കച്ചവടത്തിലൂടെ പുറത്താക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിനായി അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ ജനാധിപത്യത്തെ ആശങ്കപ്പെടുത്തുന്നതാണ്. രാജസ്ഥാന് വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. സര്‍ക്കാരിനെ വീഴ്ത്താന്‍ അനുവദിച്ചില്ല. പൊതുജനങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും ഗെലോട്ട് അവകാശപ്പെട്ടു.
ബിജെപിയുടെ ഭാഷ അംഗീകരിക്കാനാകാത്തതാണ്. പ്രാദേശിക വിഷയങ്ങളെ കുറിച്ച് സംസാരിക്കാന്‍ താന്‍ അവരെ വെല്ലുവിളിക്കുകയാണ്. തങ്ങളുടെ പദ്ധതിയെക്കുറിച്ച് സംസാരിക്കാനും ബിജെപിയോട് ഗെലോട്ട് പറഞ്ഞു.
പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ ചരിത്രം അനുസരിച്ച് വിജയത്തിന് ശേഷം സംസ്ഥാനത്തേക്ക് നിരീക്ഷകരെ അയക്കുകയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ നിന്ന് അഭിപ്രായം തേടിയ ശേഷം ഹൈക്കമാന്‍ഡ് നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുകയുമാണ് പതിവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവരും അംഗീകരിക്കും.
തന്‍റെ സര്‍ക്കാരിന്‍റെ വിശ്വാസ്യത വലുതാണെന്നും അത് കൊണ്ട് തന്നെ പാര്‍ട്ടി അധികാരത്തില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് പുറത്ത് നിന്ന് ബിജെപിയുടെ പ്രചാരണത്തിന് വേണ്ടി എത്തിയിട്ടുള്ള നേതാക്കളെയൊന്നും അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇവിടെ കാണില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം ഞങ്ങള്‍ ഇവിടുത്തെ ജനങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടാകും. ഇത് മോഡിയുടെ തെരഞ്ഞെടുപ്പല്ല സംസ്ഥാന തെരഞ്ഞെടുപ്പാണെന്നും ഗെലോട്ട് പറഞ്ഞു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന് പ്രധാനമന്ത്രിയാണ് ചുക്കാന്‍ പിടിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ ഈ പ്രതികരണം.
റെഡ് ഡയറി വിവാദം കെട്ടിച്ചമച്ചതാണെന്നായിരുന്നു രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും അശോക് ഗെലോട്ടിന്‍റെ മകനുമായ വെഭവ് ഗെലോട്ടിന്‍റെ പ്രതികരണം. സര്‍ക്കാരിന്‍റെ ഏഴിന ഉറപ്പുകള്‍ കോണ്‍ഗ്രസിന് വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ പ്രതിവര്‍ഷം ഗൃഹനാഥകളായ സ്ത്രീകള്‍ക്ക് പതിനായിരം രൂപ നല്‍കുന്നതടക്കമുള്ള പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു കോടിയിലധികം കുടുംബങ്ങള്‍ക്ക് അഞ്ഞൂറ് രൂപയ്ക്ക് പാചകവാതക സിലിണ്ടര്‍ നല്‍കുമെന്നും വാഗ്ദാനമുണ്ട്. ഇവയെല്ലാം തെരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഗെലോട്ട്.