ജയ്‌പൂര്‍: രാജസ്ഥാൻ കോൺഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഗോപാൽ കേശവത്തിന്‍റെ മകള്‍ അഭിലാഷ കേശവത്തിനെ (21) തട്ടിക്കൊണ്ടുപോയതായി പരാതി. തിങ്കളാഴ്‌ച വൈകിട്ട് അഞ്ചിന് ജയ്‌പൂരിൽ പച്ചക്കറി വാങ്ങുന്നതിനായി വീട്ടില്‍ നിന്നും പുറത്തുപോയപ്പോഴാണ് സംഭവം. ഗോപാൽ കേശവത്തിന്‍റെ പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ജയ്‌പൂര്‍ എന്‍ആര്‍ഐ സര്‍ക്കിളിലേക്കാണ് ഇരുചക്രവാഹനമെടുത്ത് പച്ചക്കറി വാങ്ങാനായി അഭിലാഷ പോയത്. ഈ വാഹനം പ്രദേശത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.
കാണാതാവുന്നതിന് തൊട്ടുമുന്‍പ് ഫോണ്‍കോള്‍: തന്നെ ഗുണ്ടകൾ പിന്തുടരുന്നുവെന്നും എത്രയും പെട്ടെന്ന് രക്ഷിക്കണമെന്നും അഭിലാഷ, കാണാതാവുന്നതിന് തൊട്ടുമുന്‍പ് ഗോപാലിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. നിലവില്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. അതേസമയം, ഗ്യാൻ സിങ്, ഹരേന്ദ്ര സിങ്, ബഹദൂർ സിങ്, ജയ് സിങ് തുടങ്ങിയവര്‍ തനിക്കും കുടുംബത്തിനുമെതിരെ വധഭീഷണി മുഴക്കിയിരുന്നതായി ഇയാള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഗോപാൽ കേശവത്തിന്‍റെ പരാതിയിൽ ഇവരെ പൊലീസ് ചോദ്യം ചെയ്‌തു. ഇവര്‍ തമ്മിലുള്ള തർക്കവും അന്വേഷിക്കുന്നുണ്ട്. മകളെ കണ്ടെത്തുന്നത് വരെ കമ്മിഷണര്‍ ഓഫിസിന് മുന്‍പില്‍ നിന്നും താന്‍ എഴുന്നേൽക്കില്ലെന്ന് ഗോപാൽ കേശവത്ത് പറയുന്നു.