ജയ്‌പൂർ: ജയ്‌പൂരിലെ ബെനാദിൽ തെരുവുനായ്‌ക്കളെ കരാർ പ്രകാരം കൊല്ലുന്ന വിചിത്രസംഭവത്തിൽ ഹർമദ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. സംഭവത്തിൽ മുഖ്യപ്രതിയായ ബെനാദ് സ്വദേശി സുവാലാൽ എന്നയാൾക്കെതിരെയും, നായ്‌ക്കളെ കൊല്ലാൻ ക്വട്ടേഷൻ ഏറ്റെടുത്ത ബവാരിയ സംഘം അംഗങ്ങൾക്കെതിരെയുമാണ് കേസെടുത്തത്. സുവാലാലിന്‍റെ ആടിനെ പ്രദേശത്തെ തെരുവുനായ്ക്കളിലൊന്ന് കടിച്ചതാണ് സംഭവത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയും ബവാരിയ സംഘം ഗ്രാമത്തിലെ മൂന്ന് നായ്‌ക്കളെ ഡബിൾ ബാരൽ തോക്ക് ഉപയോഗിച്ച് വെടിവച്ചു കൊന്നതായി സ്റ്റേഷൻ ഹൗസ് ഓഫിസർ മംഗിലാൽ വിഷ്‌ണോയ് ഇടിവി ഭാരതിനോട് പറഞ്ഞു. സംഭവത്തെ കുറിച്ച വിവരം ലഭിച്ചയുടൻ തന്നെ നായ്‌ക്കളുടെ ജഡം മൃഗാശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തി.
നായ്‌ക്കളെ കൊന്നതിന് പിന്നിൽ സുവാലാലും ഇയാൾ ഏർപ്പെടുത്തിയ സംഘവുമാണെന്ന് ഗ്രാമവാസികളുൾപ്പെടെ ആരോപിച്ചു. ആക്രമണം നടത്തിയ ശേഷം മൂന്നുപേർ ഇരുട്ടിൽ ഓടി മറയുന്നതായി വെടിയൊച്ച കേട്ട് ഓടിയെത്തിയ ദൃക്‌സാക്ഷികൾ പറയുന്നു.
മൃഗാവകാശ പ്രവർത്തകന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സുവാലലിനെ ചോദ്യം ചെയ്‌തുവരികയാണെന്നും നായ്‌ക്കളെ കൊന്ന സംഘത്തിലെ അംഗങ്ങളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.