സൂറത്ത്: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സര്‍വീസ് 2026-ൽ ആരംഭിക്കാനാവുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്. അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പുരോഗതി പരിശോധിക്കാൻ എത്തിയതായിരുന്നു മന്ത്രി. പ്രവൃത്തി മികച്ച പുരോഗതിയിലാണെന്നും റെയില്‍വേ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഗുജറാത്തിലെ സൂറത്തിനും ബിലിമോറയ്‌ക്കും ഇടയിലൂടെയാണ് അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ്. നാലുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാവും എന്നതില്‍ ഉറപ്പുണ്ട്. റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം, പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം, ബുള്ളറ്റ് ട്രെയിനുകൾ തുടങ്ങിയ അത്യാധുനിക പദ്ധതികള്‍ പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതികളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആറ് മണിക്കൂര്‍ ഇനി മൂന്ന് മണിക്കൂറാവും: 130 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും അശ്വിനി വൈഷ്‌ണവ് മാധ്യമങ്ങളോട് വ്യക്തമാക്കി. സൂറത്തിലെ ചോര്യസി താലൂക്കിലെ വക്താന ഗ്രാമത്തിന് സമീപത്തെ പ്രവൃത്തി മന്ത്രി പരിശോധിച്ചു.
ദക്ഷിണ ഗുജറാത്തിലെ നവസാരി (Navsari) ജില്ലയിലെ ഒരു പട്ടണമാണ് ബിലിമോറ. അഹമ്മദാബാദിനും മുംബൈയ്‌ക്കുമിടയിലെ സര്‍വീസാണ് പദ്ധതി ലക്ഷ്യമിടുന്നത്. 320 കിലോമീറ്റർ വേഗതയിൽ, 508 കി.മീ ദൂരവും 12 സ്റ്റേഷനുകളും ബുളളറ്റ് ട്രെയിന്‍ പിന്നിടും. രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാസമയം നിലവില്‍ ആറ് മണിക്കൂറാണ്. അത് ഏകദേശം മൂന്ന് മണിക്കൂറായി കുറയും.
പദ്ധതിച്ചെലവിന്‍റെ 81 ശതമാനവും ധനസഹായം ജപ്പാൻ ഇന്‍റര്‍നാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയാണ് (ജെ.ഐ.സി.എ) നല്‍കുന്നത്. 1.1 ലക്ഷം കോടിയാണ് ചെലവ്. ബുളളറ്റ് ട്രെയിൻ പദ്ധതിയുടെ തൂണുകൾ, റൂട്ടിന്‍റെ 61 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിച്ചിട്ടുണ്ട്. 150 തൂണുകളുടെ പ്രവൃത്തി പുരോഗമിക്കുന്നു.