ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കേന്ദ്രീകൃത വാക്‌സിനേഷൻ നയത്തെ ചോദ്യം ചെയ്‌ത് രാഹുൽ ഗാന്ധി. എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകുമ്പോൾ സ്വകാര്യ ആശുപത്രികൾക്ക് മാത്രം എങ്ങനെ വാക്‌സിനേഷന് പണം ഈടാക്കാൻ കഴിയുമെന്ന് രാഹുൽ ചോദിച്ചു. ട്വിറ്ററിലൂടെയാണ് രാഹുൽ പ്രധാനമന്ത്രിയോട് ചോദ്യം ഉന്നയിച്ചത്.
Also Read: എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യം ; നയം തിരുത്തി കേന്ദ്രം
തിങ്കളാഴ്‌ച രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് പ്രധാനമന്ത്രി കേന്ദ്രീകൃത വാക്‌സിൻ നയം പ്രഖ്യാപിച്ചത്. 18 വയസിന് മുകളിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്നാണ് മോദി പ്രഖ്യാപിച്ചത്. വാക്‌സിൻ നിർമാതാക്കളിൽ നിന്നും 75 ശതമാനം വാക്‌സിൻ ഡോസുകളും കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകും എന്നും അദ്ദേഹം അറിയിച്ചിരുന്നു.
Also Read: 'ജനങ്ങളുടെ വിജയം' ; സൗജന്യ വാക്‌സിന്‍ പ്രഖ്യാപനത്തില്‍ ഗെഹ്‌ലോട്ട്
സ്വകാര്യ ആശുപത്രികൾക്ക് നിർമാതാക്കളിൽ നിന്നും 25 ശതമാനം വാക്‌സിൻ നേരിട്ട് വാങ്ങാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ വാക്‌സിന്‍റെ നിശ്ചിത വിലയേക്കാൾ 150 രൂപ മാത്രമാണ് സർവീസ് ചാർജായി സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നതെന്ന് സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.