ബെംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന്‍റെ അവസാന ദിവസമായ ഇന്ന് കോളജ് വിദ്യാര്‍ഥികളോടും തൊഴിലാളികളായ സ്‌ത്രീകളോടും സംവദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബെംഗളൂരു മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറോഷന്‍റെ ബസ് സ്‌റ്റോപ്പില്‍ നിന്നിരുന്ന വിദ്യാര്‍ഥികളോടും ജീവനക്കാരായ സ്‌ത്രീകളോടുമാണ് രാഹുല്‍ ഗാന്ധി സംവദിച്ചത്. കര്‍ണാടകയോടുള്ള വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും കാഴ്‌ചപ്പാട് എന്താണെന്ന് അറിയുക എന്നതായിരുന്നു കോണ്‍ഗ്രസ് നേതാവിന്‍റെ ലക്ഷ്യം.
ആവശ്യവസ്‌തുക്കളുടെ വില വര്‍ധന, ഗൃഹലക്ഷ്‌മി സ്‌കീം( വീട്ടമ്മാര്‍ക്ക് പ്രതിമാസം 2,000 രൂപ വീതം നല്‍കുന്ന പദ്ധതി) തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതോടൊപ്പം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബിഎംടിസി, കെഎസ്‌ആര്‍ടിസി തുടങ്ങിയ ബസുകളില്‍ സ്‌ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നും രാഹുല്‍ ഗാന്ധി വാഗ്‌ദാനം ചെയ്‌തു.
ആശങ്കകള്‍ അറിയിച്ച് വീട്ടമ്മമാര്‍: തങ്ങള്‍ നേരിടുന്ന യാത്രാ ക്ലേശങ്ങളെക്കുറിച്ചും വില വര്‍ധനവ് തങ്ങളുടെ ചെലവിനെ എങ്ങനെ കാര്യമായി ബാധിക്കുന്നു തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും സ്‌ത്രീകള്‍ തങ്ങളുടെ ആശങ്കകള്‍ കോണ്‍ഗ്രസ് നേതാവിനെ അറിയിച്ചു. ശേഷം, ബസില്‍ നിന്നും ലിങ്കരാജപുരത്ത് എത്തിയ അദ്ദേഹം ബസ് സ്‌റ്റോപ്പില്‍ നിന്നിരുന്ന മറ്റ് ചില സ്‌ത്രീകളുമായും രാഹുല്‍ ഗാന്ധി സംസാരിച്ചു.
അതേസമയം, മെയ് 10ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിപ്പിച്ചു. കഴിഞ്ഞ 40 ദിവസമായി സംസ്ഥാനം സാക്ഷിയായ വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനാണ് ഇന്ന് സമാപനമായത്. കര്‍ണാടകയിലെ പ്രധാന പാര്‍ട്ടികളായ ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയിരുന്നു.
അന്തിമ ഘട്ടത്തില്‍ ബിജെപിയ്‌ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് പ്രചാരണം നടത്തിയത്. അതേസമയം, കോണ്‍ഗ്രസിന് വേണ്ടി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് കളത്തിലിറങ്ങിയത്. എന്നാല്‍, ജെഡിഎസിനായി മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ കളത്തിലിറങ്ങി.
കഴിഞ്ഞ 38 വര്‍ഷമായി സംസ്ഥാനത്ത് മാറിമാറി വരുന്ന സര്‍ക്കാരുകളാണ് ഭരണം നടത്തിയത്. എന്നാല്‍, ഇത്തവണ സീറ്റ് ആര് ഉറപ്പിക്കുമെന്നതില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നടത്തിയ വിഷ പാമ്പ് പരാമര്‍ശവും കോണ്‍ഗ്രസ് പ്രകടന പത്രികയിലെ ബജ്‌റംഗ്‌ദള്‍ നിരോധനവുമെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ചൂടേറിയ വാര്‍ത്തകള്‍ തന്നെയായിരുന്നു.
അവസാന പ്രചാരണം കൊഴുപ്പിച്ച് പാര്‍ട്ടികള്‍: 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷ കക്ഷിയായി തങ്ങളെത്തുന്നതിന് ആക്കം കൂട്ടുന്നതിന് ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. അതേസമയം, ബിജെപിയ്‌ക്കും കോണ്‍ഗ്രസ് വിട്ടുകൊടുക്കില്ലെന്ന മട്ടില്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുവാനുള്ള ശ്രമത്തിലാണ് ജെഡിഎസ്. 224 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ വേളയില്‍ പൂര്‍ണ ഭൂരിപക്ഷത്തോടെയുള്ള വിജയം ലക്ഷ്യം വച്ചാണ് എല്ലാ പാര്‍ട്ടികളും പ്രചാരണത്തിനെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാറിന്‍റെ നേട്ടങ്ങള്‍ ഓരോന്നും എണ്ണി പറഞ്ഞ് ബിജെപി പ്രചാരണം നടത്തുമ്പോള്‍ പ്രാദേശിക പ്രശ്‌നങ്ങളും അവയ്‌ക്കുള്ള പരിഹാരങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് പ്രചാരണം മുന്നോട്ട് നീങ്ങിയത്. ഏപ്രില്‍ 29 മുതല്‍ കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളില്‍ 18 പൊതു യോഗങ്ങളും ആറ് റോഡ് ഷോകളുമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നത്.