ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ സൂറത്ത് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. മോദി സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പ്രസ്‌താവന നടത്തിയെന്ന കേസില്‍ രണ്ടുമാസത്തെ തടവ് ശിക്ഷ വിധിച്ച സൂറത്ത് കോടതിയുടെ വിധിക്കെതിരെയാണ് രാഹുല്‍ നാളെ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുക. രാഹുല്‍ ജി തിങ്കളാഴ്‌ച ഇവിടെയെത്തുമെന്നും അദ്ദേഹത്തിന് പിന്തുണയുമായി തങ്ങളെല്ലാവരും സൂറത്തില്‍ എത്തിയിട്ടുണ്ടെന്നും ഗുജറാത്ത് നിയമസഭ കക്ഷി നേതാവ് അമിത് ചാവ്‌ദ ഇടിവി ഭാരതിനോട് പ്രതികരിച്ചു. അനീതിക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേതാക്കളും സൂറത്തിലേക്ക്: രാജ്യസഭാംഗവും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാവും രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ച മാര്‍ച്ച് 23 ലെ വിചാരണ കോടതി ഉത്തരവിനെതിരെ സെഷന്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അതേസമയം രാഹുല്‍ എത്തുന്നത് പരിഗണിച്ച് അദ്ദേഹത്തിന് പിന്തുണയുമായി ശക്തിപ്രകടനത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇതിന്‍റെ ഭാഗമായി ഡല്‍ഹിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളെല്ലാവരും തന്നെ സൂറത്തിലെത്തിയേക്കാം.
ഞങ്ങള്‍ രാഹുലിനൊപ്പം: ഞങ്ങളുടെ നേതാവ് ദേശീയതലത്തിൽ ബിജെപിക്കെതിരെ പോരാടുകയാണ്. കേന്ദ്രത്തെ എതിര്‍ത്തതിന്‍റെ പേരിലാണ് അദ്ദേഹത്തെ ലക്ഷ്യമിടുന്നത്. രാഹുല്‍ ഗാന്ധിയെ പിന്തുണച്ചുകൊണ്ട് ഏപ്രില്‍ മൂന്നിന് സൂറത്തിലെത്താന്‍ എല്ലാ നേതാക്കളോടും പ്രവര്‍ത്തകരോടും താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്ന് അമിത് ചാവ്‌ദ പറഞ്ഞു. ഈ കേസ് രാഷ്‌ട്രീയ പകപോക്കലിന്‍റെ ഫലമായി ഉണ്ടായതാണെന്നും തങ്ങള്‍ എല്ലാവരും രാഹുല്‍ജിക്ക് ഒപ്പമുണ്ടെന്നും അദ്ദേഹം അറിയിച്ചു. തങ്ങള്‍ അദ്ദേഹത്തിനൊപ്പം നിന്ന് ബിജെപിക്കെതിരെ പോരാടുമെന്നും ചാവ്‌ദ കൂട്ടിച്ചേര്‍ത്തു.
എന്തായിരുന്നു കേസ്: എന്നാല്‍ 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിനിടയിലെ പ്രസ്‌താവനയിലായിരുന്നു രാഹുലിനെതിരെയുള്ള കേസ്. പ്രസംഗത്തില്‍ രാജ്യംവിട്ട നീരവ് മോദിയെയും ലളിത് മോദിയെയും ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചിരുന്നു. കള്ളന്മാർക്കെല്ലാം തന്നെ മോദി എന്നൊരു പേരുണ്ടായത് എങ്ങനെയാണെന്നും അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ രാഹുലിന്‍റെ ആ ഈ പരാമര്‍ശത്തിനെതിരെ സൂറത്ത് മുന്‍ എംഎൽഎയും മുൻ മന്ത്രിയുമായിരുന്ന പൂർണേഷ് മോദി കോടതിയില്‍ മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു. രാഹുല്‍ ഗാന്ധി തന്‍റെ പരാമര്‍ശങ്ങളിലൂടെ മോദ് അല്ലെങ്കില്‍ മോദി സമുദായത്തെ മുഴുവനായും അപകീര്‍ത്തിപെടുത്തി എന്നതായിരുന്നു ഇദ്ദേഹത്തിന്‍റെ പരാതി.
തടവ് ശിക്ഷ വിധിച്ച് കോടതി: അതേസമയം കേസ് പരിഗണിച്ച് സൂറത്ത് കോടതി രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും രണ്ടുമാസത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു. എന്നാല്‍ തന്റെ പരാമർശങ്ങൾ ചില വ്യക്തികൾക്ക് എതിരെ മാത്രമാണെന്നും മുഴുവൻ സമൂഹത്തിനും എതിരെയുള്ളതല്ലെന്നും അതിനാല്‍ താന്‍ കുറ്റക്കാരനല്ലെന്നും രാഹുല്‍ കോടതിയെ അറിയിച്ചിരുന്നു.
Also Read: പിന്തുണച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നന്ദി, നാം കൈകോര്‍ത്ത് പ്രവര്‍ത്തിക്കണം : രാഹുല്‍ ഗാന്ധി