ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടേറിയറ്റിന്‍റെ നടപടിയില്‍ പാര്‍ലമെന്‍റില്‍ ഇന്നും പ്രതിഷേധം തുടരാന്‍ കോണ്‍ഗ്രസ്. ഇന്നലെ വൈകുന്നേരം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിക്ക് പിന്നാലെ തുടര്‍ച്ചയായ മൂന്നാം ദിനത്തിലാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരായ പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍റെ വസതിയില്‍ ഇന്നലെ നടന്ന യോഗത്തില്‍ സിപിഎം-സിപിഐ, തൃണമൂല്‍, ഡിഎംകെ, ബിആര്‍എസ്, ആം ആദ്‌മി ഉള്‍പ്പടെയുള്ള പതിനെട്ടോളം പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യത്തിലേക്കുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കടന്ന് വരവ് മുതിര്‍ന്ന നേതാക്കളും സ്വാഗതം ചെയ്‌തിരുന്നു.
കറുപ്പണിഞ്ഞ് പ്രതിഷേധം: രാഹുല്‍ ഗാന്ധിക്കെതിരായ നടപടി വന്നതിന് പിന്നാലെ ഇന്നലെ ഇരുസഭകളിലും കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് എംപിമാര്‍ക്കൊപ്പം മറ്റ് പ്രതിപക്ഷ പാര്‍ട്ടിയിലെ അംഗങ്ങളും കറുപ്പണിഞ്ഞുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി. കറുത്ത വസ്‌ത്രം ധരിച്ചെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ സ്‌പീക്കറുടെ മുന്നില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
പ്രതിഷേധത്തിന് പിന്നാലെ ഇന്നലെ രാജ്യസഭ ഉച്ചയ്‌ക്ക് രണ്ട് മണിവരെയും, ലോക്‌സഭ നാല് മണി വരെയും നിര്‍ത്തിവെച്ചു. ഇരുസഭകളും നിര്‍ത്തിവെച്ചതിന് പിന്നാലെ ഇന്നലെ പ്രതിപക്ഷം പാർലമെന്‍റില്‍ നിന്നും വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.
ഔദ്യോഗിക വസതി ഒഴിയണം, രാഹുല്‍ ഗാന്ധിക്ക് നോട്ടിസ്: ലോക്‌സഭ അംഗത്വത്തില്‍ നിന്നും അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭ ഹൗസിങ് കമ്മിറ്റി നോട്ടിസ് അയച്ചു. തുഗ്ലക്ക് ലെയ്‌ൻ, 12ൽ നിന്ന് വരുന്ന ഏപ്രില്‍ 22നുള്ളില്‍ രാഹുല്‍ ഗാന്ധി മാറണമെന്നാണ് ആവശ്യം.
രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭ ഹൗസിങ് കമ്മിറ്റി നോട്ടിസ് അയച്ചതില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. രാഹുലിന് തന്‍റെ വസതിയെ കുറിച്ച് ആശങ്കകള്‍ ഒന്നുമില്ല, രാജ്യത്തിന്‍റെ ജനാധിപത്യത്തിന് വേണ്ടി നടത്തുന്ന പോരാട്ടങ്ങളാണ് ഇപ്പോള്‍ അദ്ദേഹത്തിന് പ്രധാനമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, ഔദ്യോഗിക വസതി ഒഴിയണമെന്ന നോട്ടിസ് ലഭിച്ച സാഹചര്യത്തില്‍ കൂടുതൽ കാലതാമസം ആവശ്യപ്പെട്ടുകൊണ്ട് രാഹുൽ ഗാന്ധിയ്‌ക്ക് ഹൗസിങ് കമ്മിറ്റിക്ക് കത്ത് നൽകാമെന്നും പിന്നീട് പാനല്‍ അതി പരിഗണിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വയനാട് എംപിയെ അയോഗ്യനാക്കിക്കൊണ്ട് ലോക്‌സഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ ഉത്തരവ് ഡയറക്‌ടറേറ്റ് ഓഫ് എസ്റ്റേറ്റ്, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. ഈ വകുപ്പുകളാണ് പാര്‍ലമെന്‍റ് അംഗമെന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത്.
Also Read: 'ജനങ്ങളുടെ പണം അദാനി ഗ്രൂപ്പില്‍ നിക്ഷേപിക്കുന്നത് എന്തിന്?'; 'മോദാനി' പരാമർശവുമായി രാഹുല്‍ ഗാന്ധി