ഛണ്ഡീഗഡ്: കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത ആരോഗ്യ പ്രവർത്തകർക്ക് താക്കീതുമായി പഞ്ചാബ് ആരോഗ്യ മന്ത്രി ബൽബിർ സിംഗ്. അവസരങ്ങൾ ലഭിച്ചിട്ടും പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ആരോഗ്യ പ്രവർത്തകർക്ക് പിന്നീട് കൊവിഡ് ബാധിച്ചാൽ അവരുടെ ചികിത്സാച്ചെലവ് സ്വയം വഹിക്കേണ്ടി വരുമെന്നും ക്വാറന്‍റൈനായി പ്രത്യേക അവധി അനുവദിക്കാനാവില്ലെന്നും ബൽബീർ പറഞ്ഞു.
പഞ്ചാബിൽ വാക്സിനേഷൻ കുറഞ്ഞ തോതിലാണ് നടക്കുന്നത്. മിക്ക ആരോഗ്യ പ്രവർത്തകരും വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതേ തുടർന്നാണ് കർശന നടപടികളിലേക്ക് കടക്കുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളായി സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ച് കൊണ്ടിരിക്കുകയാണ്. മുൻനിരയിലുള്ളതിനാൽ ആരോഗ്യ പ്രവർത്തകരോട് വാക്സിനേഷൻ എടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ സാഹചര്യം തുടർന്നാൽ നിരവധി പേർക്ക് ഇനിയും ജീവൻ നഷ്ടമാകും. കൃത്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഇന്ത്യയിലെ സജീവ കേസുകളിൽ ഭൂരിഭാഗവും കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തിസ്‌ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് 3019 സജീവ കേസുകളാണ് പഞ്ചാബില്‍ ഉള്ളത്.