ന്യൂഡല്‍ഹി: ആഭ്യന്തര കലഹം രൂക്ഷമായ പഞ്ചാബ് കോണ്‍ഗ്രസില്‍ അനുനയ ശ്രമങ്ങള്‍ തുടര്‍ന്ന് രാഹുല്‍ ഗാന്ധി. പ്രശ്‌ന പരിഹാരത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം എംഎല്‍എമാരുമായും എംപിമാരുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്‌ച നടത്തി. ഒരാഴ്‌ചക്കിടെ ഇത് നാലാം തവണയാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്നത്.
അനുനയവുമായി രാഹുല്‍ ഗാന്ധി
ഡല്‍ഹിയിലെ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്‌ച. രാജ്യസഭ എംപി ഷംഷീര്‍ സിങ് ദില്ലണ്‍, എംഎല്‍എമാരായ ലക്‌വീര്‍ സിങ്, വിജേന്ദ്ര സിംഗ്ല, റാണ ഗുര്‍ജിത്ത് സിങ് തുടങ്ങിയ നേതാക്കളുമായാണ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്‌ച നടത്തിയത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്‌ച നടത്തിയതെന്ന് ദില്ല്യണ്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി വിട്ടവരെയും അദ്ദേഹം വിമര്‍ശിച്ചു. കൂറുമാറ്റം മൂലമാണ് പാര്‍ട്ടി പ്രതിസന്ധി നേരിട്ടതെന്നും ദില്ലണ്‍ കുറ്റപ്പെടുത്തി.
നേരത്തെ ജൂണ്‍ 23 ന് പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സുനിൽ ജഖര്‍, ധനമന്ത്രി മൻപ്രീത് സിങ് ബാദല്‍, രാജ്യസഭ എംപി പ്രതാപ് സിങ് ബാജ്‌വ എന്നിവരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
Read more: പഞ്ചാബിലെ പാര്‍ട്ടി എംഎല്‍എമാരുമായി രാഹുല്‍ കൂടിക്കാഴ്‌ച നടത്തും
ഇടപെട്ട് ഹൈക്കമാന്‍ഡ്
ഇതിനിടെ പാര്‍ട്ടിയിലെ പ്രതിസന്ധി സംബന്ധിച്ച് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ജൂലൈ 8-10 നുള്ളില്‍ മറുപടി പ്രതീക്ഷിക്കുന്നുണ്ടെന്നും പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞു. നവജ്യോത് സിങ് സിദ്ധുവുമായി വീണ്ടും കൂടിക്കാഴ്‌ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അംബിക സോണി, സൽമാൻ ഖുർഷിദ് എന്നിവരോട് സംസ്ഥാന നേതാക്കളുമായി കൂടിയാലോചന നടത്താൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
Read more: പഞ്ചാബ് കോൺഗ്രസിലെ പ്രതിസന്ധി; സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തി രാഹുൽ ഗാന്ധി
അമരീന്ദര്‍-സിദ്ദു പോര്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാണ്. മുഖ്യമന്ത്രി അമരീന്ദർ സിങിനെതിരെ രൂക്ഷ വിമർശനവുമായി നവജ്യോത് സിംഗ് സിദ്ദു രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച സിദ്ദു പഞ്ചാബിൽ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്ന് ആരോപിച്ചിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെട്ട ഹൈക്കമാന്‍ഡ് പ്രശ്‌ന പരിഹാരത്തിനായി മൂന്നംഗ സമിതിയെയും നിയോഗിച്ചിരുന്നു.
Read more: പഞ്ചാബിന് പിറകെ അസം കോൺഗ്രസിലും ഭിന്നത; പ്രശ്ന പരിഹാരത്തിനായി എഐസിസി