അമൃതസര്‍: കര്‍ഷകര്‍ ദില്ലി മാര്‍ച്ച് സംഘടിപ്പിക്കുന്നതിന് മുമ്പ് അവരോട് സംസാരിക്കാൻ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ തയ്യാറാകണമായിരുന്നുെവന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഇല്ലാത്തത് പറഞ്ഞ് അമരീന്ദര്‍ സിങ് കര്‍ഷകരെ സംഘടിപ്പിക്കുകയാണെന്ന മനോഹര്‍ ലാല്‍ ഖട്ടറിന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഖട്ടറുടെ വാക്കുകള്‍ തന്നെ ഞെട്ടിപ്പിച്ചെന്ന് സിങ് ട്വീറ്റ് ചെയ്‌തു. പഞ്ചാബിലെ മാത്രമല്ല ഹരിയാനയിലെ കര്‍ഷകരും ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ടല്ലോയെന്നും അതിന്‍റെ ഉത്തരവാദിത്തം ആര്‍ക്കാണെന്നും അമരീന്ദര്‍ സിങ് ചോദിച്ചു.
കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നയത്തിനെതിരെയുള്ള പ്രതിഷേധമായാണ് കര്‍ഷര്‍ ദില്ലി മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചില്‍ നിന്ന് പിന്മാറാൻ കര്‍ഷകര്‍ തയാറാകണമെന്ന് ഖട്ടര്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കര്‍ഷക നിയമങ്ങളില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ താന്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കാന്‍ തയാറാണെന്നും ഖട്ടര്‍ പ്രഖ്യാപിച്ചിരുന്നു.
ഇതിനൊപ്പമാണ് നിരപരാധികളായ കര്‍ഷകരെ ഇല്ലാത്തത് പറഞ്ഞ് സംഘടിപ്പിക്കുന്നത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങാണെന്ന് ഖട്ടര്‍ ആരോപിച്ചത്. കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കരുതെന്നായിരുന്ന അമരീന്ദര്‍ സിങ്ങിനെ ടാഗ് ചെയ്‌ത് ഖട്ടര്‍ ട്വീറ്റ് ചെയ്‌തത്.
ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചിനിടെ കര്‍ഷകരെ ഹരിയാന പൊലീസ് സംസ്ഥാനത്തിന്‍റെ അതിര്‍ത്തിയില്‍ തടയുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്‌തിരുന്നു. പിന്നാലെ ഹരിയാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തിയിരുന്നു.