ചണ്ഡിഗഡ് : കാനഡയുമായുള്ള നയതന്ത്ര തർക്കത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യൻ വിദ്യാർഥികൾക്കും പ്രവാസികള്‍ക്കും ഹെല്‍പ്പ്‌ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ കനേഡിയൻ ഗവൺമെന്‍റിനോട് അഭ്യര്‍ഥിക്കണമെന്ന് പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനിൽ ജാഖർ (Punjab BJP President Requested EAM For Protection). വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിന് എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കാനഡയിൽ താമസിക്കുന്ന വിദ്യാർഥികളുടെയും മറ്റുള്ളവരുടെയും ആശങ്കകളെക്കുറിച്ച് അദ്ദേഹം കത്തില്‍ വിശദീകരിച്ചു. ഇന്ത്യൻ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കാൻ കനേഡിയൻ ഗവൺമെന്‍റിനോട് അടിയന്തരമായി ശുപാർശ ചെയ്യണമെന്നും കത്തില്‍ പറയുന്നു.
ഇത്തരം നടപടികൾ കാനഡയിലേക്ക് പോകാൻ തയ്യാറായിരിക്കുന്നവർക്കും അവിടെ താമസിക്കുന്നവർക്കും സഹായകമാകും. പോകാനിരിക്കുന്നവർക്കും അവിടെ താമസിക്കുന്നവർക്കും യഥാവിധി നിർദേശങ്ങള്‍ ലഭിക്കാന്‍ ഇന്ത്യൻ കോൺസുലേറ്റുകളിൽ നിന്ന് വാട്ട്‌സാപ്പ് നമ്പറുകള്‍ നൽകണം. ഈ നമ്പർ ഹെൽപ്‌ലൈനായി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിൽ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
'ഇന്ത്യൻ ഗവൺമെന്‍റിനെതിരായ കനേഡിയൻ പ്രധാനമന്ത്രിയുടെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഇരുരാജ്യങ്ങളുടെയും ബന്ധം തകർക്കുന്ന തരത്തിലുള്ളവയാണ്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് തന്‍റെ ആഭ്യന്തര രാഷ്‌ട്രീയ താത്‌പര്യങ്ങള്‍ നിറവേറ്റാനാണ്' - പഞ്ചാബ് ബിജെപി അധ്യക്ഷൻ പറഞ്ഞു. കാനഡയിൽ സ്ഥിര താമസമാക്കിയ എൻആർഐകളിൽ ഭൂരിഭാഗവും ഇന്ത്യയിലുള്ള തങ്ങളുടെ ബന്ധുക്കളെ സന്ദർശിക്കാറുണ്ട്.
ഇപ്പോൾ ഇത്തരത്തിലുള്ള അനിശ്ചിതാവസ്ഥയിൽ പൗരൻമാർ ഉത്കണ്‌ഠാകുലരാണെന്നും അദ്ദേഹം പറഞ്ഞു. കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് താത്‌കാലികമായി നിർത്തിവച്ചതായി ഇന്ത്യ വ്യാഴാഴ്‌ച (14-09-2023)പ്രഖ്യാപിച്ചിരുന്നു.
ജൂണിൽ ഹർദീപ് സിംഗ് നിജ്ജാറെന്ന ഖലിസ്ഥാൻ വിഘടനവാദിയെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്‍റുമാര്‍ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ തര്‍ക്കം ആരംഭിച്ചത്. ഇന്ത്യ ഈ ആരോപണം തള്ളിയിരുന്നു.
India Canada Relation : ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിൽക്കുന്ന സാഹചര്യത്തിൽ കാനഡയിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിലേക്ക് പൗരന്മാർ പോകരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.