ചണ്ഡീഗഢ്: പഞ്ചാബില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ വന്‍ കുതിപ്പിന് പിന്നാലെ പാര്‍ട്ടിയെ അഭിനനന്ദിച്ച് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു. ഭരണകക്ഷിയായ കോണ്‍ഗ്രസ് കനത്ത പരാജയം നേരിടുന്നതിനിടെയാണ് സിദ്ദുവിന്‍റെ പ്രതികരണം. ജനവിധി അംഗീകരിക്കുന്നുവെന്നും സിദ്ദു ട്വീറ്റ് ചെയ്‌തു.
'ജനങ്ങളുടെ ശബ്ദം ദൈവത്തിന്‍റെ ശബ്‌ദമാണ്... പഞ്ചാബിലെ ജനങ്ങളുടെ ജനവിധി വിനയപൂർവം സ്വീകരിക്കുന്നു.... ആപ്പിന് അഭിനന്ദനങ്ങൾ!!!,' സിദ്ദു ട്വിറ്ററില്‍ കുറിച്ചു. പഞ്ചാബിൽ അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്‌മി പാർട്ടി മികച്ച വിജയം സ്വന്തമാക്കുമെന്ന് തിങ്കളാഴ്‌ച പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നു.
പഞ്ചാബില്‍ 94 ഇടത്ത് നിലവില്‍ ലീഡ് ഉള്ള എഎപി അധികാരത്തിലേറിയാല്‍ അത് ചരിത്രമാണ്. സംസ്ഥാനത്തെ പാര്‍ട്ടിയുടെ കന്നി വിജയത്തിന് പുറമേ ഡല്‍ഹിയ്ക്ക് പുറത്ത് ഇതാദ്യമായി എഎപി സര്‍ക്കാര്‍ നിലവില്‍ വരും. 2017ല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്നു എഎപി. 20 സീറ്റുകള്‍ നേടിയ പാര്‍ട്ടി അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വലിയ മുന്നേറ്റമാണ് കാഴ്‌ച വച്ചത്.
ആഭ്യന്തര പ്രശ്‌നങ്ങളാണ് ഭരണകക്ഷിയായ കോണ്‍ഗ്രസിന്‍റെ പരാജയത്തിലേയ്ക്ക് നയിച്ചത്. ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിങും നവജ്യോത് സിങ് സിദ്ദുവുമായുള്ള അസ്വാരസ്യങ്ങളും അമരീന്ദര്‍ സിങ് കോണ്‍ഗ്രസ് വിടുന്നതും ഉള്‍പ്പെടെ നിരവധി സംഭവ വികാസങ്ങളാണ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം നില്‍ക്കെ പഞ്ചാബ് കോണ്‍ഗ്രസില്‍ അരങ്ങേറിയത്. സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ് ചന്നിയെ നിയോഗിച്ച് ദലിത് വോട്ട് ബാങ്കില്‍ കോണ്‍ഗ്രസ് പ്രതീക്ഷ പുലര്‍ത്തിയെങ്കിലും ചന്നിയും സിദ്ദുവും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പിന്നീട് മറ നീക്കി പുറത്തുവന്നതും കോണ്‍ഗ്രസിന് തിരിച്ചടിയായി.
കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച ശിരോമണി അകാലിദള്‍ ബിഎസ്‌പിയുമായി സഖ്യമുണ്ടാക്കിയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ് വിട്ട മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്‍റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയുമായി ചേർന്ന് മത്സരിച്ചെങ്കിലും ആം ആദ്‌മിയുടെ മുന്നേറ്റത്തില്‍ നിഷ്‌പ്രഭമാവുകയായിരുന്നു.
Also read: ആം ആദ്മി ആഞ്ഞ് വീശി, ക്യാപ്റ്റൻ ഔട്ട്; സ്റ്റാറായി കോലി