ബെംഗളൂരു: അന്തരിച്ച കന്നട നടൻ പുനീത് രാജ്‌കുമാർ അവസാനമായി അഭിനയിച്ച ചിത്രം ഗന്ധദ ഗുഡിയുടെ പ്രീ റിലീസ് ഇവന്‍റ് കാണുന്നതിനിടെ പുനീതിന്‍റെ ആരാധകൻ ഹൃദയാഘാതം മൂലം മരിച്ചു. മല്ലേശ്വർ സ്വദേശിയായ ബാങ്ക് ജീവനക്കാരൻ ഗിരിരാജ് (29) ആണ് പുനീത് പർവ്വ എന്ന പേരിൽ നടത്തിയ പരിപാടി ടിവിയിൽ കാണുന്നതിനിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചത്. വെള്ളിയാഴ്‌ച (ഒക്‌ടോബർ 21) രാത്രി 10.30ഓടെയാണ് അന്ത്യം സംഭവിച്ചത്.
പരിപാടി കണ്ടുകൊണ്ടിരിക്കുന്നതിനിടെ ശുചിമുറിയിലേക്ക് പോയ ഗിരിരാജ് കുഴഞ്ഞുവീഴുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. പുനീതിന്‍റെ കടുത്ത ആരാധകനായ ഗിരിരാജ് അദ്ദേഹത്തിന്‍റെ മരണശേഷം വിഷാദത്തിലായിരുന്നു. വീട്ടിൽ പുനീതിന്‍റെ ചിത്രം വച്ച് ഗിരിരാജ് നിരന്തരം പൂജ ചെയ്യുമായിരുന്നു. ഒരിക്കൽ പുനീതിന്‍റെ വീഡിയോ കണ്ട ഗിരിരാജ് വീഡിയോയിലെ പോലെ ഭക്ഷണം വാരി നൽകാൻ അമ്മയോട് ആവശ്യപ്പെട്ടിരുന്നു.
ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടിൽ നടന്ന ഗന്ധദ ഗുഡി എന്ന ചിത്രത്തിന്‍റെ പ്രീ റിലീസ് ചടങ്ങ് കാണാൻ തെന്നിന്ത്യൻ സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ എത്തിയിരുന്നു. ഒക്‌ടോബർ 28നാണ് ചിത്രത്തിന്‍റെ റിലീസ്. കഴിഞ്ഞ വർഷം ഒക്‌ടോബർ 29നാണ് ഹൃദയാഘാതത്തെ തുടർന്ന് പുനീത് അന്തരിച്ചത്. 46-ാം വയസിലായിരുന്നു അന്ത്യം.