പുൽവാമ: ദക്ഷിണ കശ്‌മീരിലെ പുൽവാമ ജില്ലയിൽ ആദ്യമായി സ്നോ ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിച്ച് ജില്ലാ ഭരണകൂടം. പുൽവാമയിലെ സിബി നാഥ് അർഘക് ഏരിയയിൽ കായിക വകുപ്പിന്‍റെ സഹകരണത്തോടെയാണ് കോസ്‌കോ ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിച്ചത്. പ്രദേശത്തുനിന്നും സമീപ ഗ്രാമങ്ങളിൽ നിന്നുമുള്ള 8 ടീമുകൾ ക്രിക്കറ്റിൽ പങ്കെടുത്തു.
ഇതാദ്യമായാണ് പുൽവാമ ജില്ലയിൽ ഇത്തരമൊരു കായികമത്സരം സംഘടിപ്പിക്കുന്നത്. മഞ്ഞുമൂടിയ ഒരു ചെറിയ മൈതാനത്തായിരുന്നു ടൂർണമെന്‍റ്. പ്രദേശത്തെ മുതിർന്നവരും കുട്ടികളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.
പുൽവാമ ജില്ലയിലെ അനവധി യുവാക്കൾ ദേശീയ തലത്തിൽ വരെ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത് ജമ്മു കശ്‌മീരിനും പുൽവാമ ജില്ലയ്ക്കും അഭിമാനമായി മാറിയത് എടുത്തുപറയേണ്ടതാണ്.
മഞ്ഞുകാലത്തും കുട്ടികൾ കായികമേഖലയിൽ ഏർപ്പെടാൻ വേണ്ടിയാണ് ആദ്യമായി സ്നോ ക്രിക്കറ്റ് ആരംഭിച്ചതെന്ന് സ്‌പോർട്‌സ് ഡിപ്പാർട്ട്‌മെന്‍റ് ഓഫീസർ നൂറുൽ ഹഖ് പറഞ്ഞു. കുട്ടികളിൽ വർധിച്ചുവരുന്ന മാനസിക പിരിമുറുക്കം ലഘൂകരിക്കാനും കായിക വിനോദങ്ങളിൽ ഏർപ്പെടാനുമാണ് ക്രിക്കറ്റ് ടൂർണമെന്‍റ് കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കശ്‌മീർ താഴ്‌വരയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും മഞ്ഞ് മൂടിയ സ്ഥിതിയാണ്.
ALSO READ:ആദ്യരാത്രിക്ക് ശേഷം വധുവിന്‍റെ സ്വര്‍ണവുമായി വരൻ മുങ്ങി; ആദ്യഭാര്യയുടെ വീട്ടില്‍ നിന്ന് പിടിയില്‍