തിരുവനന്തപുരം: 30-ാമത് ദക്ഷിണമേഖല കൗണ്‍സില്‍ യോഗത്തില്‍ വിമാനത്താവളം വിപുലീകരിക്കുന്നത് ഉൾപ്പെടെയുള്ള നിർണായക അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി 2,200 കോടി രൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ട് പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പങ്കെടുത്തു.
ഒരു ലക്ഷം കോടി രൂപ ചെലവിൽ മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി കേന്ദ്രം ആരംഭിച്ചതിൽ പുതുച്ചേരി സർക്കാർ സന്തുഷ്‌ടരാണെന്ന് ലെഫ്‌റ്റനന്‍റ് ഗവർണർ പറഞ്ഞു. അടിസ്ഥാന സൗകര്യ പദ്ധതികൾ ഏറ്റെടുക്കുന്നതിന് സംസ്ഥാനങ്ങൾക്ക് 50 വർഷത്തെ പലിശരഹിത വായ്‌പ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എന്നാൽ കേന്ദ്ര ഭരണ പ്രദേശങ്ങളെ പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയിട്ടില്ല.
അതിനാൽ വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഏറ്റെടുക്കുന്നതിൽ പുതുച്ചേരിക്ക് നിയന്ത്രണമുണ്ട്. വിമാനത്താവള വിപുലീകരണം, തുറമുഖം, ആരോഗ്യ അടിസ്ഥാന സൗകര്യ നവീകരണം, പുതിയ അസംബ്ലി സമുച്ചയം തുടങ്ങി നിർണായക അടിസ്ഥാന സൗകര്യ പദ്ധതികൾ നിറവേറ്റുന്നതിന് ഏകദേശം 2,200 കോടി രൂപയുടെ പ്രത്യേക കേന്ദ്ര സഹായം ഞങ്ങൾ അഭ്യർഥിക്കുന്നു, തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു.
അതേസമയം വിമാനത്താവള വിപുലീകരണത്തിന് ആവശ്യമായ 395 ഏക്കർ ഭൂമിയുടെ ആവശ്യകത തമിഴ്‌നാട് സർക്കാർ പരിഗണിക്കണമെന്നും ലെഫ്‌റ്റനന്‍റ് ഗവർണർ ആവശ്യപ്പെട്ടു. ഇത് പുതുച്ചേരിക്കും തമിഴ്‌നാടിനും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു പദ്ധതിയാണ്. ഇതിലൂടെ തമിഴ്‌നാട്ടിലെ വില്ലുപുരം, കടലൂർ എന്നീ ജില്ലകളിലേക്കും എയർ കണക്‌റ്റിവിറ്റി നൽകാനാകും, തമിഴിസൈ സൗന്ദരരാജൻ കൂട്ടിച്ചേർത്തു.
കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ സോണൽ കൗൺസില്‍ അംഗങ്ങളാണ് 30-ാമത് ദക്ഷിണമേഖല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്.