ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ. പ്രധാനമന്ത്രിയുടെ സന്ദർശന വേളകളിൽ അടിയന്തര സാഹചര്യം ഉണ്ടായിക്കഴിഞ്ഞാൽ സുരക്ഷക്കായി ബദൽ സംവിധാനം ഒരുക്കണമെന്നാണ് നിർദേശം. എന്നാൽ പഞ്ചാബ് പൊലീസ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്നും ബദൽ മാർഗങ്ങൾ നിശ്ചയിച്ചിരുന്നില്ലെന്നും ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ സഞ്ചാരപാതയിൽ പ്രതിഷേധം നടക്കുമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും പൊലീസ് റൂൾ ബുക്ക് പിൻതുടർന്നില്ലെന്നും പ്രധാനമന്ത്രിയുടെ സുരക്ഷക്കായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ബ്ലൂ ബുക്കും പഞ്ചാബ് പൊലീസ് പാലിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ സന്ദർശനത്തെ സംബന്ധിക്കുന്ന വിവരങ്ങൾ പഞ്ചാബ് മുഖ്യമന്ത്രിയുമായും ഡിജിപിയുമായും പങ്കുവച്ചിരുന്നു. ചീഫ് സെക്രട്ടറിക്ക് സുരക്ഷ പ്ലാനും പങ്കുവച്ചു. സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പ്രധാനമന്ത്രിയോട് ചേർന്ന് സുരക്ഷ ഉറപ്പുവരുത്തുമ്പോൾ ബാക്കി സുരക്ഷ ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്.
സുരക്ഷ പ്രശ്‌നമുണ്ടെങ്കിൽ അത് എസ്‌പിജിയെ വിവരം അറിയിക്കേണ്ടതും സംസ്ഥാന പൊലീസിന്‍റെ ഉത്തരവാദിത്തമാണെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പ്രധാനമന്ത്രിക്കായി ഒരുക്കിയ സുരക്ഷ വിവരങ്ങൾ കൈമാറണമെന്ന് പഞ്ചാബ് പൊലീസിനോട് ഇതിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബിൽ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം 20 മിനിട്ടോളമാണ് ഫ്ലൈഓവറില്‍ കുടുങ്ങിക്കിടന്നത്.
READ MORE: പ്രധാനമന്ത്രി നേരിട്ട സുരക്ഷാ വീഴ്‌ച; ആശങ്ക പ്രകടിപ്പിച്ച് രാഷ്‌ട്രപതി