ന്യൂഡൽഹി: അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലഭിച്ച ലൈംഗികാതിക്രമ ആരോപണങ്ങളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനു മുമ്പ് പ്രാഥമിക അന്വേഷണം ആവശ്യമാണെന്ന് സുപ്രീം കോടതിയെ അറിയിച്ച് ഡൽഹി പൊലീസ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവും അടങ്ങുന്ന ബെഞ്ചിനോടാണ് ഡൽഹി പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം അറിയിച്ചത്.
എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നുണ്ടെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടാൽ എഫ്‌ഐആർ ഉടൻ രജിസ്റ്റർ ചെയ്യണമെന്നും തുഷാർ മേത്ത വ്യക്‌തമാക്കി. കോടതി ആവശ്യപ്പെട്ടിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടില്ലെന്ന പ്രതീതി സൃഷ്‌ടിക്കരുതെന്നും മേത്ത ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്‌തി താരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചത്.
ഗുരുതരമായ ആരോപണമെന്ന് സുപ്രീം കോടതി: ഹർജിയിൽ ബന്ധപ്പെട്ട കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന ഗുസ്‌തി താരങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ നേരിട്ടെന്ന ഗുരുതര ആരോപണമാണ് ഉന്നയിച്ചിട്ടുള്ളതെന്നും ഈ വിഷയം കോടതി പരിശോധിക്കേണ്ടതുണ്ടെന്നും ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞു. വനിത താരങ്ങള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് ഗുസ്‌തി താരങ്ങൾ ജന്തർ മന്ദറിൽ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്. ലൈംഗിക പീഡന പരാതിയിൽ നടപടി എടുക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ നൽകിയ ഉറപ്പ് പാലിക്കാത്തിനെത്തുടർന്നാണ് താരങ്ങൾ വീണ്ടും പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം നാലാം ദിവസത്തിലേക്ക് കടന്നതോടെ താരങ്ങൾ ഇന്ന് ജന്തർമന്തറിൽ പ്രഭാത വ്യായാമവും പരിശീലവും ചെയ്‌തു.
'ഞങ്ങൾ ഇവിടെ സമാധാനപരമായി പ്രതിഷേധിക്കുകയും പരിശീലനം നടത്തുകയും ചെയ്യുന്നു. രാജ്യത്തിന് വേണ്ടി മെഡലുകൾ നേടാനുള്ള ഉത്തരവാദിത്തം രാജ്യത്തെ ജനങ്ങൾ ഞങ്ങൾക്ക് നൽകിയിട്ടുണ്ട്. അത് ഞങ്ങൾ നിറവേറ്റേണ്ടതുണ്ട്. ഞങ്ങളുടെ പരാതിയിൽ ഡൽഹി പൊലീസ് ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടില്ല. അതിനാൽ പ്രതിഷേധത്തിൽ നിന്നോ പരിശീലനത്തിൽ നിന്നോ ഞങ്ങളെ തടയാൻ പൊലീസിനാകില്ല'. ഗുസ്‌തി താരം ബജ്‌രംഗ് പുനിയ പറഞ്ഞു.
പിന്തുണയുമായി രാഷ്‌ട്രീയ നേതാക്കൾ: ഗുസ്‌തി താരങ്ങളുടെ സമരത്തിന് പിന്തുണ അറിയിച്ച് കൂടുതൽ രാഷ്‌ട്രീയ പാർട്ടികളും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ആദ്യം നടത്തിയ പ്രതിഷേധത്തിൽ രാഷ്‌ട്രീയ കക്ഷികളുടെ പിന്തുണ ആവശ്യമില്ല എന്നായിരുന്നു താരങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഏത് രാഷ്‌ട്രീയ പാർട്ടിക്ക് വേണമെങ്കിലും പ്രതിഷേധത്തിന്‍റെ ഭാഗമാകാമെന്നാണ് താരങ്ങൾ വ്യക്‌തമാക്കിയിരിക്കുന്നത്.
ഈ വര്‍ഷം ജനുവരിയിലാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ഉൾപ്പെടെ ഏഴ് വനിത ഗുസ്‌തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയത്. ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ജന്തര്‍ മന്ദറില്‍ തന്നെയായിരുന്നു താരങ്ങളുടെ പ്രതിഷേധം. ജനുവരി 18ന് ആരംഭിച്ച സമരം മൂന്ന് ദിവസമാണ് നീണ്ടുനിന്നത്. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നായിരുന്നു അന്ന് താരങ്ങള്‍ സമരം അവസാനിപ്പിച്ചത്.