ജയ്‌പൂർ: 'പ്രൊജക്‌റ്റ് ചീറ്റ' രാജസ്ഥാൻ ടൂറിസത്തിന് ഗുണം ചെയ്യുമെന്ന് വിദഗ്‌ദർ. ആഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ എത്തിയ ചീറ്റകൾ സംസ്ഥാനത്തിന്‍റെ ആകർഷണമാണെന്നും നാഷണൽ പാർക്ക് ആഗോള പ്രശസ്‌തിയിലേക്ക് കുതിക്കുകയാണെന്നും വിദഗ്‌ദർ പറഞ്ഞു. അടുത്തിടെയാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ മധ്യപ്രദേശിലെ കുനോ-പൽപൂർ ദേശീയോദ്യാനത്തിൽ എത്തിച്ചത്.
രാജസ്ഥാനിലെ കടുവ ടൂറിസം കേന്ദ്രമായ രന്തംബോറിൽ നിന്ന് 100 കിലോമീറ്റർ മാത്രം അകലെയാണ് കുനോ-പൽപൂർ ദേശീയ ഉദ്യാനത്തിന്‍റെ കരാഹൽ. സവായ് മധോപൂർ ഏറ്റവും അടുത്തുള്ള റെയിൽവേ ജങ്‌ഷൻ കൂടിയാണ്. നാഷണൽ പാർക്ക് പൂർണമായും തുറക്കുന്നതും പുതിയ ഡൽഹി-മുംബൈ സൂപ്പർ ഹൈവേ സവായ് വഴി കടന്നുപോകുന്നതും രന്തംബോറിലേക്കുള്ള സഞ്ചാരികളുടെ എണ്ണവും വർധിക്കാൻ കാരണമാകുമെന്ന് ഫെഡറേഷൻ ഓഫ് ഹോസ്‌പിറ്റാലിറ്റി ആൻഡ് ടൂറിസം ഓഫ് രാജസ്ഥാൻ എക്‌സിക്യൂട്ടീവ് അംഗം ബാലേന്ദു സിങ് പറഞ്ഞു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ മേഖലയിലെ നിഷേപം വർധിക്കുമെന്നും ഇതിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാവുകയും പ്രദേശവാസികളുടെ ജീവിതനിലവാരം വർധിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ടൂറിസം മേഖലയായ രൺതമ്പോറിലേക്ക് പ്രതിവർഷം ഏകദേശം അഞ്ച് ലക്ഷം വിനോദസഞ്ചാരികൾ വരെ യാത്ര ചെയ്യുന്നുണ്ട്. 'പ്രൊജക്‌റ്റ് ചീറ്റ' വിജയകരമാകുന്നതോടെ ഈ മേഖലയിൽ പുതിയ ഹോട്ടലുകളും റിസോർട്ടുകളും അനുബന്ധ വ്യവസായങ്ങളും നിർമിക്കപ്പടും.
എന്നാൽ കുറഞ്ഞത് ഒരു വർഷത്തേക്ക് കുനോ നാഷണൽ പാർക്കിലേക്ക് വിദേശ സഞ്ചാരികളെ പ്രവേശിപ്പിക്കാത്തതുകൊണ്ടും ചീറ്റകൾ അവയുടെ ആവാസ വ്യവസ്ഥവിട്ട് പുറത്തുവരുമോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്തതുകൊണ്ടും രാജസ്ഥാൻ ടൂറിസത്തിന്‍റെ വിജയത്തിന് ഇനിയും കാലതാമസം എടുക്കുമെന്നാണ് ടൂറിസ്റ്റ് ഓപ്പറേറ്ററും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ആദിത്യ ഡിക്കി സിങിന്‍റെ അഭിപ്രായം. സെപ്‌റ്റംബർ 17 നാണ് ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്നെത്തിച്ച ചീറ്റപ്പുലികളെ പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് തുറന്നുവിട്ടത്. അഞ്ച് പെണ്‍ ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയുമാണ് ഇന്ത്യയിലെത്തിച്ചത്.
രണ്ട് മുതല്‍ അഞ്ച് വരെ വയസുള്ളവയാണ് പെണ്‍ ചീറ്റകള്‍. ആണ്‍ ചീറ്റകള്‍ 4.5 മുതല്‍ 5.5 വരെ വയസുള്ളവയാണ്. വിദേശത്ത് നിന്നെത്തിച്ചതിനാല്‍ ക്വാറന്‍റൈൻ ഏരിയയിലാണ് ചീറ്റകളെ ആദ്യമായി തുറന്നുവിട്ടത്.
മുപ്പത് ദിവസം ഈ പ്രത്യേക സംവിധാനത്തിൽ കഴിഞ്ഞ ശേഷം കൂനോയിലെ പുൽമേടുകളിലേക്ക് ഇവയെ സ്വൈര്യ വിഹാരത്തിനായി വിടും. അതേസമയം ചീറ്റകൾക്ക് രാജ്യത്തിന്‍റെ സംസ്‌കാരത്തിന് അനുയോജ്യമായ പേരുകൾ നിർദേശിക്കാൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന്(25.09.2022) മൻ കി ബാത്തിലൂടെ അറിയിച്ചു.