കൊല്‍ക്കത്ത : ബെഡ്‌ഷീറ്റില്‍ ആര്‍ത്തവ രക്തം പുരണ്ടെന്ന് ആരോപിച്ച് പ്രൊഫസര്‍ക്ക് അധിക ചാര്‍ജ് ചുമത്തി ഹോട്ടല്‍ അധികൃതരുടെ വിദ്വേഷ നടപടി. വെസ്റ്റ് മിഡ്‌നാപൂരിലെ ഒരു ഹോട്ടലിലായിരുന്നു വിചിത്ര സംഭവം. ആര്‍ത്തവ രക്തം കഴുകിയാല്‍ പോകില്ലെന്നും ആ ബെഡ്‌ഷീറ്റ് ഇനി ഉപയോഗിക്കാനാകില്ലെന്നും വാദിച്ചായിരുന്നു ഹോട്ടലിന്‍റെ നടപടി.
ബന്ധുവിനെ കാണാന്‍ അമ്മാവനൊപ്പം ഞായറാഴ്‌ച രാത്രിയാണ് കോളജ് പ്രൊഫസറായ മാളവിക വെസ്റ്റ് മിഡ്‌നാപൂരിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തത്. അടുത്ത ദിവസം മുറി ഒഴിഞ്ഞ് ബില്ലടയ്ക്കുമ്പോഴാണ് ബെഡ്‌ഷീറ്റ് ഇനത്തില്‍ 400 രൂപ അധികം രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടത്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ബെഡ്‌ഷീറ്റില്‍ ആര്‍ത്തവ രക്തക്കറ കണ്ടതിനാലാണിതെന്ന വിചിത്ര വാദമാണ് ജീവനക്കാര്‍ മുന്നോട്ടുവച്ചത്.
ആര്‍ത്തവ രക്തക്കറ കഴുകിയാല്‍ പോകില്ലെന്നും ബെഡ്‌ഷീറ്റ് മറ്റൊരു കസ്റ്റമര്‍ക്ക് നല്‍കാനാകില്ലെന്നുമായിരുന്നു ജീവനക്കാരുടെ അസഹിഷ്ണുതയോടെയുള്ള വാദം. എന്നാല്‍ തക്കാളി സോസാണ് ബെഡ്‌ഷീറ്റില്‍ വീഴുന്നതെങ്കില്‍ കഴുകി ഉപയോഗിക്കില്ലേയെന്ന് മാളവിക ചോദിച്ചു. ഛര്‍ദിച്ചതാണെങ്കില്‍ കഴുകി ഉപയോഗിക്കില്ലേയെന്നും ആര്‍ത്തവത്തോട് മാത്രം എന്തിനാണ് അയിത്തമെന്നും അധ്യാപിക ചോദിച്ചു.
ഹോട്ടലുടമയുമായി സംസാരിച്ചെങ്കിലും അയാളില്‍ നിന്നും മോശം പ്രതികരണം തന്നെയാണുണ്ടായതെന്ന് മാളവിക പറയുന്നു. ഹോട്ടലില്‍ മുറിയെടുത്താല്‍ മുറിയുടെയും സാധനങ്ങളുടെയും പരിപാലന ഉത്തരവാദിത്വം ഉപയോക്താവിനാണെന്നും ആര്‍ത്തവ രക്തം പുരണ്ട ബെഡ്‌ഷീറ്റ് ഇനി ഉപയോഗിക്കാന്‍ കഴിയില്ലെന്നും ഉടമ പറഞ്ഞതായും മാളവിക വിശദീകരിക്കുന്നു.
ഒടുവില്‍ ഹോട്ടലധികൃതരുടെ സമ്മര്‍ദത്തിന് വഴങ്ങി അവര്‍ക്ക് ഫൈന്‍ അടയ്‌ക്കേണ്ടി വന്നു. ഹോട്ടലിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മാളവിക അറിയിച്ചു.