ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ലോക്‌സഭ സെക്രട്ടേറിയറ്റ് നടപടിക്കെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറിയും അദ്ദേഹത്തിന്‍റെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി. കേന്ദ്രം ഭരിക്കുന്ന ബിജെപി, രാജ്യത്തിനായി മരിച്ച ദേശാഭിമാനിയായ അച്ഛന്‍റെ മകനെയാണ് രാജ്യദ്രോഹി എന്ന് വിളിക്കുന്നത്. എന്‍റെ സഹോദരനെ മിർ ജാഫറെന്നും രാജ്യദ്രോഹിയെന്നും വിളിച്ചതിന് കാവി പാർട്ടി നേതാക്കൾക്കെതിരെ എന്തുകൊണ്ട് കേസുകളില്ലെന്ന് വ്യക്തമാക്കണം. രക്തസാക്ഷിയായ എന്‍റെ പിതാവിനേയും അമ്മയേയും മറ്റ് കുടുംബാംഗങ്ങളേയും ബിജെപി മന്ത്രിമാര്‍ പലതവണ അപമാനിച്ചപ്പോഴും ഇവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും പ്രിയങ്ക പറഞ്ഞു.
'മോദി അപകീര്‍ത്തിക്കേസി'ല്‍ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ഡൽഹിയിലെ രാജ്ഘട്ടിൽ കോൺഗ്രസ് സംഘടിപ്പിച്ച സത്യഗ്രഹത്തിലാണ് പ്രിയങ്ക ബിജെപിക്കെതിരെ കടന്നാക്രമണം നടത്തിയത്.
'എന്‍റെ കുടുംബാംഗങ്ങള്‍ അവരുടെ രക്തംകൊണ്ട് ഈ രാജ്യത്തിന്‍റെ ജനാധിപത്യത്തെ പരിപോഷിപ്പിച്ചവരാണ്. രാമായണത്തിൽ തന്‍റെ പിതാവിന് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനാണ് ശ്രീരാമൻ വനവാസത്തിന് പോയത്. പാണ്ഡവരും തങ്ങളുടെ സഹോദരന്മാർക്ക് നൽകിയ വാക്കുകൾ പാലിക്കാൻ വനവാസത്തിന് പോയി. അവരെ രാജവംശമെന്ന് ആരോപിക്കാൻ കഴിയുമോ. രാജ്യത്തിനുവേണ്ടി എല്ലാം ത്യജിച്ചതിന് ഗാന്ധിമാരെ രാജവംശം എന്ന് വിളിക്കാനാവില്ലെന്ന് രാമായണം ഉദ്ധരിച്ച് പ്രിയങ്ക പറഞ്ഞു.
രാജ്യത്തിന് വേണ്ടി പോരാടിയതിന് ഗാന്ധി കുടുംബം ലജ്ജിക്കേണ്ടതുണ്ടോ ? ഭരണകക്ഷിയായ ബിജെപി തന്‍റെ കുടുംബത്തെ പലതവണ അപമാനിച്ചു. പാർലമെന്‍റിൽ തന്‍റെ പിതാവ് രാജീവ് ഗാന്ധി അപമാനിക്കപ്പെട്ടു. സഹോദരനെ മിർ ജാഫർ എന്ന് വിളിച്ചടക്കം ആക്ഷേപിച്ചു.
ബിജെപി മന്ത്രിമാർ പാർലമെന്‍റിൽ എന്‍റെ അമ്മയെ അപമാനിക്കുന്നത് തുടരുന്നു. രാഹുൽ ഗാന്ധിക്ക് തന്‍റെ പിതാവ് ആരാണെന്ന് പോലും അറിയില്ലെന്ന് ബിജെപി മുഖ്യമന്ത്രിമാരിൽ ഒരാൾ അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ ഇവർക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല' - പ്രിയങ്ക ചൂണ്ടിക്കാട്ടി.
'ഏജന്‍സികളെ കൊണ്ട് റെയ്‌ഡ് നടത്തിച്ചും തങ്ങളെ അപമാനിച്ചും ഭയപ്പെടുത്തി മിണ്ടാതിരുത്താമെന്ന് ചിലര്‍ കരുതുന്നുണ്ടെങ്കില്‍ അത് വെറുതയാണ്. ഞങ്ങൾക്ക് ഭയമില്ല. അഹങ്കാരിയായ രാജാവിന് ജനങ്ങൾ മറുപടി നൽകും' - പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷഭാഷയിൽ പ്രിയങ്ക വ്യക്തമാക്കി.
Also Read: രാഹുല്‍ ഗാന്ധിക്കെതിരായ നടപടി; നിരോധനാജ്ഞ മറികടന്ന് രാജ്‌ഘട്ടില്‍ സത്യഗ്രഹം ആരംഭിച്ച് കോണ്‍ഗ്രസ്
വെള്ളിയാഴ്‌ച രാഹുൽ ഗാന്ധിയെ പാർലമെന്‍റിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ ഉന്നത നേതാക്കൾ ഉൾപ്പടെയുള്ളവർ ഞായറാഴ്‌ച ഡൽഹിയിലെ രാജ്‌ഘട്ടിൽ പ്രതിഷേധിക്കുകയാണ്. 2019ൽ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിന്‍റെ പേരില്‍ രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ശേഷം ലോക്‌സഭ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ അയോഗ്യനാക്കുകയുമായിരുന്നു.