അയോധ്യ (ഉത്തർപ്രദേശ്) : അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് എത്തുന്ന തീർഥാടകർക്ക് യാത്ര സുഗമമാക്കാൻ പുതിയ റെയിൽവേ സ്‌റ്റേഷനും വിമാനത്താവളവും ഒരുങ്ങുന്നു. വിമാനത്താവളത്തിന്‍റെ ഉദ്‌ഘാടനം ഡിസംബർ 30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും(Narendra Modi to hold roadshow). പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയതായി അയോധ്യ കമ്മീഷണർ ഗൗരവ് ദയാൽ അറിയിച്ചു.
'ഡിസംബർ 30നുള്ള പ്രധാനമന്ത്രിയുടെ അയോധ്യ സന്ദർശനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായും രാമക്ഷേത്ര തീർഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുമായും ചര്‍ച്ച നടത്തിയിരുന്നു. ആശുപത്രികളിൽ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. മുഖ്യമന്ത്രിയും അത് ഉറപ്പുവരുത്തി. ഡിസംബർ 30 ന് പ്രധാനമന്ത്രി വിമാനത്താവളവും റെയിൽവേ സ്റ്റേഷനും ഉദ്ഘാടനം ചെയ്യും. ഇവിടെ ക്രമീകരണങ്ങള്‍ സജ്ജമാണ്.
ജനുവരി 22 ന് ശേഷം ഏകദേശം 50,000 മുതൽ 55,000 വരെ ആളുകൾ പ്രതിദിനം അയോധ്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള തയ്യാറെടുപ്പുകളിലാണ് ജില്ല ഭരണകൂടവും' - സൗരവ് ദയാൽ പറഞ്ഞു. 'പ്രധാനമന്ത്രി പുതിയ റെയിൽ പാളത്തിന് പച്ചക്കൊടി വീശും. ശേഷം പ്രധാനമന്ത്രി വിമാനത്താവളം ഉദ്ഘാടനം ചെയ്യും. ശേഷം അതിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ പൊതുയോഗത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യും. തുടർന്ന് വിമാനത്താവളത്തിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് അദ്ദേഹം യാത്ര ചെയ്യും, അത് റോഡ്ഷോയുടെ രൂപത്തിലായിരിക്കും. അദ്ദേഹത്തെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്‌തുവരുന്നു' - സൗദവ് ദയാല്‍ കൂട്ടിച്ചേർത്തു.
ജനുവരി 21, ജനുവരി 22 തീയതികളിൽ ഭക്തർക്ക് രാംലല്ലയുടെ ദർശനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ദർശനം ജനുവരി 23 മുതൽ ആരംഭിക്കും. മുറികളുടെ ലഭ്യതയെക്കുറിച്ച് ഹോട്ടലുകളുമായി സംസാരിച്ച് ധാരണയിലെത്താന്‍ ജില്ലാഭരണകൂടം ശ്രമിച്ചുവരികയാണ്.
'നിരവധി ആളുകൾ ചാർട്ടേഡ് വിമാനത്തിൽ വരുമെന്നാണ് കണക്കാക്കുന്നത്, അതിനാൽ എല്ലാ വിമാനങ്ങളും പുതിയ വിമാനത്താവളത്തിൽ ഇറക്കാനുള്ള ക്രമീകരണം നടത്തും. ഇതിനായി ഏവിയേഷന്‍ വിഭാഗവുമായി ഏകോപിച്ച് പ്രവര്‍ത്തിക്കുമെന്നും ദയാൽ വിശദീകരിച്ചു.
Also read :അയോധ്യ ദീപോത്സവം ഗിന്നസ് ബുക്കിലേക്ക് ; തെളിയിച്ചത് 24 ലക്ഷത്തിലധികം വിളക്കുകൾ
അതേസമയം, ബിജെപി ജനുവരി 1 മുതൽ രാം മന്ദിർ ആഘോഷങ്ങളുടെ പ്രചാരണം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ബിജെപി പ്രവർത്തകർ വീടുകൾ സന്ദർശിച്ച് 10 കോടി ജനങ്ങളോടെങ്കിലും രാമക്ഷേത്ര ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാൻ അഭ്യര്‍ഥിക്കും.