ന്യൂഡൽഹി: രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്‍റെ ബൈപാസ് ശസ്ത്രക്രിയ വിജയകരം. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് (എയിംസ്) ശസ്ത്രക്രിയ നടത്തിയത്. രാഷ്‌ട്രപതിയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ എയിംസ് ഡയറക്‌ടറുമായി സംസാരിച്ചതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഡോക്‌ടർമാരെ അദ്ദേഹം അഭിനന്ദിച്ചു.
നെഞ്ചിലെ അസ്വസ്ഥതകളെ തുടർന്നാണ് രാഷ്ട്രപതിയെ കരസേനയുടെ റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശനിയാഴ്‌ച എയിംസ് ഡൽഹിയിലേക്ക് മാറ്റിയ അദ്ദേഹത്തിന് ബൈപാസ് ശസ്ത്രക്രിയ നടത്താൻ ഡോക്‌ടർമാർ നിർദേശിക്കുകയായിരുന്നു.