രുദ്രപ്രയാഗ് (ഉത്തരാഖണ്ഡ്) : ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച പതിനെട്ടുകാരി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു. കുഞ്ഞിന്‍റെ മൃതദേഹം ശുചിമുറിയിൽ നിന്ന് ആശുപത്രി അധികൃതർ കണ്ടെത്തി. ശനിയാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് യുവതിയെ ആശുപത്രി കിടക്കയിൽ ചേതനയറ്റ നിലയില്‍ കണ്ടത്. തുടർന്ന് പുലർച്ചെ അഞ്ച് മണിയോടെ നവജാത ശിശുവിന്‍റെ മൃതദേഹം ടോയ്‌ലറ്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
Also read: ആറ് മാസം ഗർഭിണിയായ പതിനഞ്ചുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാൻ ഹൈക്കോടതി അനുമതി
ഹീമോഗ്ലോബിന്‍റെ അളവ് കുറഞ്ഞതിനെ തുടർന്നാണ് യുവതിയെ പ്രവേശിപ്പിച്ചതെന്നും ഗർഭിണിയായിരുന്നു എന്ന വിവരം ഡോക്ടര്‍മാരെയോ അധികൃതരേയോ അറിയിച്ചിരുന്നില്ലെന്നും ജില്ല ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് രാജീവ് സിംഗ് പറഞ്ഞു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.