ന്യൂഡൽഹി: കൊവിഡ് പോസിറ്റീവ് ആയവർക്ക് നെഗറ്റീവായി മൂന്ന് മാസത്തിന് ശേഷമേ മുൻകരുതൽ ഡോസ് ഉൾപ്പെടെയുള്ള കൊവിഡ് വാക്‌സിൻ നൽകാവുള്ളൂവെന്ന് കേന്ദ്രം. മുൻകരുതൽ ഡോസിന് അർഹരായ വ്യക്തികൾക്ക് കൊവിഡ് ബാധിച്ചാൽ വാക്‌സിൻ നൽകുന്നതിമായി ബന്ധപ്പെട്ട മാർഗനിർദേശത്തിനായി വിവിധ കോണുകളിൽ നിന്ന് അഭ്യർഥനകൾ ലഭിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് രോഗം മാറി മൂന്ന് മാസത്തിന് ശേഷമേ വാക്‌സിൻ നൽകാവൂ എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി വികാസ് ഷീൽ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ നിർദേശം നൽകിയത്. വാക്‌സിനേഷൻ സംബന്ധിച്ച പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘത്തിന്‍റെ ശാസ്ത്രീയ തെളിവുകളുടെയും ശുപാർശയുടെയും അടിസ്ഥാനത്തിലാണ് നിർദേശം.
15 നും 18 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കുള്ള കൊവിഡ് വാക്സിനേഷൻ ജനുവരി 3ന് ആരംഭിച്ചിരുന്നു. ആരോഗ്യ പ്രവർത്തകർ, മുൻനിര തൊഴിലാളികൾ, 60 വയസിന് മുകളിൽ പ്രായമായ മുൻകരുതൽ ഡോസിന് അർഹരായവർ എന്നിവർക്ക് ജനുവരി 10 മുതൽ മുൻകരുതൽ ഡോസ് നൽകാൻ ആരംഭിച്ചു. രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച് 9 മാസം അഥവാ 39 ആഴ്‌ചകൾ പൂർത്തിയാക്കിയവർക്കാണ് മുൻകരുതൽ ഡോസ് നൽകുന്നത്.
Also Read: 'പ്രോസിക്യൂഷന്‍റെ ആരോപണം ഗൗരവം'; കസ്റ്റഡി ആവശ്യമില്ലെന്ന് എങ്ങനെ പറയാനാവുമെന്ന് കോടതി