ബംഗളുരു : പാര്‍ലമെന്‍റില്‍ മൈസൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രതാപ് സിംഹ പാര്‍ലമെന്‍റ് സുരക്ഷ വീഴ്‌ചയെ തുടര്‍ന്ന് വാര്‍ത്തയില്‍ നിറഞ്ഞതാണ്. ഇദ്ദേഹം നല്‍കിയ ശുപാര്‍ശ കത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷ വീഴ്‌ച നടത്തിയവര്‍ പാര്‍ലമെന്‍റില്‍ പ്രവേശിച്ചത്. യുവമോര്‍ച്ച അധ്യക്ഷന്‍ കൂടിയാണ് സിംഹ. ഇപ്പോഴിതാ ഇദ്ദേഹത്തിന് വീണ്ടുമൊരു തലവേദന. സ്വന്തം സഹോദരനാണ് ഇപ്പോള്‍ അദ്ദേഹത്തിന് തലവേദന ആയി മാറിയിരിക്കുന്നത് (MP Pratap Simha's kin held in alleged tree felling case)
പ്രതാപിന്‍റെ സഹോദരന്‍ വിക്രം സിംഹയെ ഇന്നലെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സിറ്റി പൊലീസിന്‍റെ സഹായത്തോടെ അറസ്റ്റ് ചെയ്‌തത്. ഹസന്‍ ജില്ലയിലെ മരം മുറിയുമായി ബന്ധപ്പെട്ടാണ് നടപടി. ഇയാള്‍ക്കും മറ്റും ചിലര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. പ്രതാപിന്‍റെ ഇളയ സഹോദരനാണ് വിക്രം. ഇയാള്‍ അനധികൃതമായി 126 മരങ്ങള്‍ മുറിച്ച് കടത്തിയെന്നാണ് കേസ്.
വിക്രം അന്വേഷണോദ്യോഗസ്ഥരോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട് (vikram simha). അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. പ്രഭുഗൗഡ ബിരാഡര്‍, ബംഗളുരു എസിപി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. നേരത്തെ ചോദ്യം ചെയ്യാനായി വിളിച്ചിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഇയാള്‍ ഹാജരായിരുന്നില്ല.
തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്യേണ്ടി വന്നത്. കുറ്റകൃത്യത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇയാള്‍ ഹസനില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതും രക്ഷപ്പെടാന്‍ ശ്രമിച്ചതും സംശയാസ്‌പദമാണെന്നും വനം വകുപ്പ് പുറത്ത് വിട്ട പ്രസ്‌താവനയില്‍ പറയുന്നു.
വിക്രമിനെ ഉദ്യോഗസ്ഥര്‍ അയാള്‍ അറിയാതെ പിന്തുടര്‍ന്ന് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ബെംഗളൂരു വലിയ നഗരമായത് കൊണ്ടാണ് സിറ്റി പൊലീസിന്‍റെ സഹായം തേടിയത്. ഇയാളെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും വലിയ പിന്തുണയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും വനം വകുപ്പ് അറിയിച്ചു. ഇയാളെ ഹസന്‍ -ബേലൂര്‍ മേഖലയിലെത്തിച്ച് കൂടുതല്‍ തെളിവെടുപ്പ് നടത്തും.
വിക്രമിന് കാപ്പി, ഇഞ്ചി എന്നീ കൃഷിയുണ്ട്. 3.1 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് ഇയാള്‍ കൃഷി ചെയ്യുന്നത്. രാകേഷ് ഷെട്ടി, ജയാമ്മ ഷെട്ടി എന്നിവരുടെ ഭൂമിയിലാണ് ഇയാളുടെ കൃഷി. ഈ ഭൂമിക്ക് അടുത്തുള്ള സര്‍ക്കാര്‍ ഭൂമിയില്‍ നിന്നാണ് ഇയാള്‍ മരം മുറിച്ച് കടത്തിയത്. വനം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് മരങ്ങള്‍ മുറിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതര്‍ നടപടികളിലേക്ക് നീങ്ങുകയായിരുന്നു.
പാര്‍ലമെന്‍റിലെ സുരക്ഷ വീഴ്‌ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒടുങ്ങും മുമ്പേയാണ് പുതിയ വിവാദത്തില്‍ പ്രതാപ് സിംഹ വലിച്ചിഴക്കപ്പെട്ടിരിക്കുന്നത്. ഇതിനെ അദ്ദേഹം എങ്ങനെ നേരിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. പാര്‍ലമെന്‍റിലെ സുരക്ഷ വീഴ്‌ച യുവമോര്‍ച്ച അധ്യക്ഷന്‍ കൂടിയായ പ്രതാപ് സിംഹയേയും ബിജെപിയേയും ഒരു പോലെ പ്രതിരോധത്തിലാക്കിയിരുന്നു.