ന്യൂഡല്‍ഹി: ഭാരതത്തിന്‍റെ ഭരണഘടനാശില്‍പിയായ ഡോ.ബി.ആര്‍.അംബേദ്‌കറിന്‍റെ 64 -ാമത് ചരമവാര്‍ഷികത്തില്‍ ആദരവുമായി രാഷ്ട്രീയ നേതാക്കള്‍. ഇന്ത്യക്ക് വേണ്ടി അദ്ദേഹം കണ്ട സ്വപ്‌നങ്ങള്‍ സഫലമാക്കാനാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഡോ.ബി.ആര്‍.അംബേദ്‌കറിന്‍റെ കാഴ്‌ച്ചപാടുകള്‍ പ്രചോദനമാണെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന് ഏറ്റവും മികച്ച ഭരണഘടന നല്‍കിയ അംബേദ്‌കര്‍ രാജ്യത്തില്‍ പുരോഗതിക്കും അഭിവൃദ്ധിക്കും സമത്വത്തിനും വഴിയൊരുക്കിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്‌തു. അദ്ദേഹത്തിന്‍റെ പാത പിന്തുര്‍ന്ന് പതിറ്റാണ്ടുകളായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിന്‍റെ ക്ഷേമത്തിനായി സമര്‍പ്പണത്തോടെയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഷാ ട്വീറ്റ് ചെയ്‌തു.
ഇന്ത്യയുടെ ഭരണഘടനാശില്‍പിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ഡോ.ബി.ആര്‍.അംബേദ്‌കറിന് ആദരാജ്ഞലി അര്‍പ്പിക്കുന്നുവെന്നും രാജ്യത്തിന് സാമൂഹിക ഐക്യത്തിന്‍റെയും സാമൂഹിക പരിഷ്‌കരണത്തിന്‍റെയും വഴി കാണിച്ചുതന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും രാജ്യം അദ്ദേഹത്തോടെ കടപ്പെട്ടിരിക്കുന്നുവെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ട്വീറ്റ് ചെയ്‌തു. രാഷ്ട്ര നിര്‍മിതിയില്‍ ഡോ.ബി.ആര്‍.അംബേദ്‌കര്‍ നല്‍കിയ സംഭാവന ഇന്ന് നാം ഓര്‍ക്കുന്നു. രാജ്യത്തെ എല്ലാത്തരം വിവേചങ്ങളില്‍ നിന്നും മുക്തമാക്കുകയെന്നതാണ് അദ്ദേഹത്തിന് ആദരാജ്ഞലി അര്‍പ്പിക്കാനുള്ള ഏക മാര്‍ഗമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അടിസ്ഥാനവർഗ ജനതയുടെ നവോഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും രാഷ്ട്രീയ നേതാവുമായിരുന്നു അദ്ദേഹം. 1990 ൽ ഇന്ത്യയിലെ പരമോന്നത സിവിലിയൻ പുരസ്‌ക്കാരമായ ഭാരത് രത്‌ന പുരസ്‌ക്കാരവും അദ്ദേഹത്തിന് ലഭിച്ചു.