ജയ്‌പൂര്‍: രാജസ്ഥാനിലെ ജയ്‌പൂരില്‍ വ്യാജ കോള്‍ സെന്‍റര്‍ നടത്തിയ സംഘത്തെ അറസ്‌റ്റ് ചെയ്‌ത് പൊലീസ്. സ്‌ത്രീകളടക്കം 32 പേരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌ത്. ജയ്‌പൂര്‍ പൊലീസ് കമ്മീഷണറേറ്റിന്‍റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ റെയ്‌ഡിലായിരുന്നു വ്യജ കോള്‍ സെന്‍റര്‍ കണ്ടെത്താനായത്.
കോള്‍ സെന്‍റര്‍ വഴി ഇവര്‍ അമേരിക്കയിലുള്ള ആളുകളെയാണ് കബളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉപഭോക്താക്കളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വ്യാജേന അക്കൗണ്ടിന്‍റെ വിശദാംശങ്ങള്‍ ചോദിച്ച് ആളുകളെ കബളിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. വിവിധ കമ്പ്യൂട്ടര്‍ സിസ്‌റ്റവും മറ്റ് ഉപകരണങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.
അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ കൈലാശ് ചന്ദ്ര വിഷ്‌ണോയിയുടെ നേതൃത്വത്തിലായിരുന്നു നടപടി സ്വീകരിച്ചത്. നാഗാലാന്‍റ്, മണിപ്പൂര്‍, മേഘാലയ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവാണ് പ്രതികള്‍. 'കോള്‍ കരോ സിസ്‌റ്റം ഹാക്ക്' വഴിയാണ് പ്രതികള്‍ ആളുകളെ കബളിപ്പിക്കുന്നത്. രാജസ്ഥാനിലെ ജയ്‌പൂര്‍ പൊലീസ് കമ്മീഷണറേറ്റിലെ പ്രത്യേക അന്വേഷണ സംഘം ചിത്രകൂട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ റെയ്‌ഡ് നടത്തുകയും അനധികൃത കോള്‍ സെന്‍റര്‍ കണ്ടെത്തി തകര്‍ക്കുകയും ചെയ്‌തതായി കൈലാഷ് ചന്ദ്ര വിഷ്‌ണോയി പറഞ്ഞു.
പ്രധാനമായും അമേരിക്കന്‍ പൗരന്‍മാരെ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു വ്യാജ കോള്‍ സെന്‍റര്‍ പ്രവര്‍ത്തിച്ചിരുന്നത്. വിദേശികളായ ജനങ്ങളെ ഇത്തരത്തിലായിരുന്നു പ്രതികള്‍ കബളിപ്പിച്ചിരുന്നതെന്ന് വിഷ്‌ണോയി അറിയിച്ചു. നിലവില്‍ അറസ്‌റ്റ് ചെയ്‌ത പ്രതികളെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്.
സംഘത്തിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. കൂടാതെ, വ്യാജ കോള്‍ സെന്‍റര്‍ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു വരികയാണ്.