രാജ്യത്ത് കൊവിഡ് മഹാമാരി ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കുള്ളില്‍ രാജ്യത്ത് 50 ലക്ഷത്തോളം പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മരണനിരക്കും അധികരിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയ്‌ക്കും ബ്രസീലിനും ശേഷം ഏറ്റവും കൂടുതൽ മരണം കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ലോകത്താകമാനം സംഭവിക്കുന്ന കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്നും ഇന്ത്യയിലാണ് സംഭവിക്കുന്നത് എന്നുള്ളതും വേദനയോടെ മനസിലാക്കേണ്ടിയിരിക്കുന്നു.
സർക്കാരിന്‍റെ അലക്ഷ്യത
ഒന്നാം തരംഗം കൊവിഡിന്‍റെ തീവ്രത ഒരല്‍പ്പം കുറഞ്ഞതോടെ മുൻകരുതലുകളും നിയന്ത്രണങ്ങളും കാറ്റില്‍ പറത്തിയ സമീപനമായിരുന്നു പല സംസ്ഥാന സർക്കാരുകളുടെയും ഭാഗത്തു നിന്നുണ്ടായത്. ഇപ്പോൾ രാജ്യത്തെ കോടികണക്കിന് ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ഒരു പരിധി വരെ കാരണം സര്‍ക്കാരുകളുടെ അവഗണന തന്നെയാണെന്ന് കുറ്റപ്പെടുത്തേണ്ടിയിരിക്കുന്നു. വാക്‌സിൻ ഉൽപാദനത്തിന്‍റെ കാര്യത്തിൽ ലോകരാഷ്‌ട്രങ്ങൾക്കിടയിൽ ഇന്ത്യക്ക് വലിയൊരു സ്ഥാനമാണുള്ളത്. എന്നാല്‍ അതേ ഇന്ത്യയെ നയിക്കുന്ന നേതാക്കന്മാരുടെ ഹ്രസ്വ ദൃഷ്‌ടിയോടു കൂടിയുള്ള നയങ്ങള്‍ മൂലം രാജ്യം കൊവിഡ് വാക്‌സിന്‍റെ ദുരന്തജനകമായ ദൗര്‍ലഭ്യം നേരിട്ടു കൊണ്ടിരിക്കുകയാണ്.\
നയങ്ങളിലെ അപാകത
കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ പ്രായ പരിധി കേന്ദ്ര സര്‍ക്കാര്‍ പല ഘട്ടങ്ങളായി കുറയ്ക്കുകയുണ്ടായി. 18 മുതല്‍ 45 വയസ് വരെയുള്ള ഗണത്തില്‍പ്പെട്ടവരുടെ വാക്‌സിനേഷൻ നടത്തേണ്ട ഉത്തരവാദിത്വം തങ്ങളുടെ ചുമലില്‍ നിന്നും ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയെ ചൊല്ലി പൊതു ജനാരോഗ്യ മേഖലയില്‍ നിന്നുള്ള നിരവധി വിദഗ്‌ധർ ഉല്‍കണ്‌ഠ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വാക്‌സിൻ വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകളുടെ ചുമതലയാക്കുകയും, അതേ സമയം വാക്‌സിന്‍റെ വില നിശ്ചയിക്കാനുള്ള അധികാരം ഉല്‍പ്പാദകര്‍ക്ക് നല്‍കുകയും ചെയ്ത കേന്ദ്രത്തിന്‍റെ നീക്കം വളരെ അപകടകരമാണെന്നും അവർ മുദ്ര കുത്തി.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള 2000ത്തിലധികം കൊവിഡ് ആശുപത്രികളിലായി 4.68 ലക്ഷം കിടക്കകള്‍ ഉണ്ടെന്ന് മോദി സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയുണ്ടായി. കൊവിഡ് രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി മൂന്ന് തലങ്ങളിലായുള്ള ഒരു വ്യവസ്ഥക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 35 ലക്ഷം കടന്നതോടെ മഹാമാരിയുടെ ഭാരം താങ്ങാനാവാതെ നമ്മുടെ മുഴുവൻ പൊതു ജനാരോഗ്യ മേഖലയും തകര്‍ന്നു വീണിരിക്കുന്നു എന്നതാണ് വസ്‌തുത.
കേന്ദ്രത്തെ വിമർശിച്ച് സുപ്രീം കോടതി
ദശാബ്‌ദങ്ങളായി പിന്തുടരുന്ന വാക്‌സിനേഷൻ മാതൃക എന്തുകൊണ്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന്‍റെ കാര്യത്തില്‍ സ്വീകരിക്കുന്നില്ല എന്നാണ് കേന്ദ്രത്തോട് സുപ്രീം കോടതി ചോദിച്ചത്. നിലവില്‍ പിന്തുടര്‍ന്നു വരുന്ന നയങ്ങള്‍ പുനര്‍ വിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദേശിക്കുകയുണ്ടായി. കുടിയേറ്റ തൊഴിലാളികള്‍ ഉൾപ്പെടെ ഏറെ ദുരിതമനുഭവിക്കുന്ന വിഭാഗങ്ങളെ പരാമര്‍ശിച്ച കോടതി വാക്‌സിൻ വാങ്ങാനുള്ള പണം പാവപ്പെട്ട മനുഷ്യര്‍ക്ക് എവിടെ നിന്ന് ലഭിക്കും എന്നും കേന്ദ്രത്തോട് ചോദിച്ചു. പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിന്‍റെ ആത്യന്തികമായ ലക്ഷ്യം പൊതു ജനാരോഗ്യം ഉറപ്പാക്കലാണെന്നും ഉന്നത നീതിപീഠം കേന്ദ്രത്തെ ഓർമിപ്പിച്ചു.
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന 'ജീവിക്കാനുള്ള അവകാശം' എന്ന തത്വത്തിന് കടകവിരുദ്ധമാണ് കേന്ദ്രത്തിന്‍റെ വാക്‌സിനേഷൻ നയം എന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു. കൊവിഡിന്‍റെ താണ്ഡവത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുവാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ കണ്ണ് തുറക്കേണ്ടിയിരിക്കുന്നു.
മറ്റു രാജ്യങ്ങളെ മാതൃകയാക്കണം
ആശുപത്രികളില്‍ കിടക്കകളില്ലാത്തതിന്‍റെയും ഓക്‌സിജൻ ലഭ്യമല്ലാത്തതിന്‍റെയും പേരില്‍ ആയിരക്കണക്കിന് നിര്‍ഭാഗ്യവാന്മാരായ രോഗികള്‍ മരിച്ചു വീഴുന്നത് മനുഷ്യ നിര്‍മ്മിതമായ ഒരു ദുരന്തം തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല. കൊറോണ വൈറസിനെതിരെ പരിഹാസ്യമായ പരാമര്‍ശങ്ങള്‍ നടത്തി കൊണ്ട് മുന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തന്‍റെ തന്നെ വില കളഞ്ഞ കാര്യം ഇവിടെ ഓര്‍ത്തെടുക്കേണ്ടതുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ ഭരണകൂടം വാക്‌സിൻ ഗവേഷണത്തിനും ഉല്‍പ്പാദനത്തിനുമായി 'റാപ് സ്‌പീഡ്' എന്ന പദ്ധതിയുടെ ഭാഗമായി 2000 കോടി അമേരിക്കന്‍ ഡോളറാണ് നീക്കി വെച്ചത്. അന്ന് അദ്ദേഹം എടുത്ത ആ നടപടി മൂലമാണ് അമേരിക്ക ഇന്ന് ഒരു പരിധി വരെ സുരക്ഷിതമായി നിലകൊള്ളുന്നത്. ഇസ്രായേല്‍ പോലുള്ള രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം മേയില്‍ തന്നെ വാക്‌സിൻ നിര്‍മ്മാതാക്കള്‍ക്ക് മുഴുവന്‍ പണവും മുന്‍കൂറായി നല്‍കിയാണ് ഓര്‍ഡര്‍ നല്‍കിയത്. അത്തരം രാജ്യങ്ങളും ഇപ്പോള്‍ സുരക്ഷിതരായി മാറി കൊണ്ടിരിക്കുന്നു.
ആസൂത്രിത നടപടി സ്വീകരിക്കണം
ലോകത്ത് ഇതുവരെ 116 കോടി ഡോസ് വാക്‌സിൻ ഉപയോഗപ്പെടുത്തി കഴിഞ്ഞുവെങ്കിലും തങ്ങളുടെ ജനങ്ങളെ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ 74-ാം സ്ഥാനമാണ് ഇന്ത്യയ്‌ക്കുള്ളത്. നമ്മുടെ രാജ്യത്തെ നയിക്കുന്നവരുടെ ദീര്‍ഘ ദൃഷ്‌ടിയില്ലായ്‌മ മൂലം ജൂലൈ മാസം അവസാനം വരെ വാക്‌സിന്‍റെ ദൗര്‍ലഭ്യത ജനങ്ങൾ അനുഭവിക്കേണ്ടിവന്നു. ഓക്‌സിജനും ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും വേണ്ടി രാജ്യത്തെ ജനങ്ങള്‍ വിലപിക്കുമ്പോള്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും മാനുഷിക പരിഗണനയുടെ ഭാഗമായി ഇന്ത്യയിലെത്തിച്ച 300 ടണ്‍ അടിയന്തിര മെഡിക്കൽ ഉപകരണങ്ങള്‍ ഡല്‍ഹി എയര്‍പോട്ടില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി കെട്ടികിടക്കുകയാണ്. അത്തരം ഹൃദയശൂന്യമായ സമീപനങ്ങള്‍ രാജ്യത്തെ പൗരന്മാരുടെ നെഞ്ചിലെ തീ ആളിക്കത്തിക്കുകയാണ്. പൊതുജന സേവകര്‍ കാട്ടുന്ന ഇത്തരം സമീപനങ്ങള്‍ക്കെതിരെ അടിയന്തിര നടപടി സർക്കാരുകൾ സ്വീകരിക്കണം. കൊവിഡ് മഹാമാരിയെ നിയന്ത്രണ വിധേയമാക്കണമെങ്കില്‍ ശാസ്ത്രീയമായ ഒരു ആസൂത്രണ നടപടി തന്നെ സര്‍ക്കാരുകള്‍ പാലിക്കേണ്ടതുണ്ട്.