സൂറത്ത്: മാസ്‌ക് ധരിക്കാത്തതിന്‍റെ പേരില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പൊലീസുകാരൻ ബലാത്സംഗം ചെയ്‌തതായി പരാതി. കഴിഞ്ഞ വർഷം ഗുജറാത്തിലെ പല്‍സാനയിലാണ് സംഭവം.
മാസ്‌ക് ധരിക്കാത്തതിന്‍റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഡിപ്പിച്ചതായാണ് 33 കാരിയായ വീട്ടമ്മയുടെ പരാതി. പല്‍സാന പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ നരേഷ് കപാഡിയയ്ക്ക് എതിരെയാണ് പരാതി. 2020 ഏപ്രില്‍ മാസത്തിലാണ് സംഭവം.
ഭീഷണിപ്പെടുത്തി പീഡനം
വീട്ടമ്മ പാല്‍ വാങ്ങാൻ പുറത്തിറങ്ങിയ സമയത്താണ് സംഭവം. ഈ സമയത്ത് മാസ്‌ക് ധരിച്ചിരുന്നില്ല. ഇതു കണ്ടെത്തിയ പല്‍സാന പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ നരേഷ് കപാഡിയ പൊലീസ് സ്റ്റേഷനില്‍ പോയി ഫൈൻ അടയ്ക്കണം എന്ന് ആവശ്യപ്പെട്ടു. പക്ഷേ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുന്നതിന് പകരം കാറില്‍ കയറ്റി മുഖത്ത് സ്പേ തളിച്ച ശേഷം ബോധം കെടുത്തി പീഡിപ്പിക്കുകയായിരുന്നു.
അതിനുശേഷം മൊബൈലില്‍ നഗ്‌ന ചിത്രങ്ങൾ എടുക്കുകയും രാത്രി 11 മണിയോടെ വീടിന് സമീപത്തെ ഗേറ്റിന് മുന്നില്‍ ഇറക്കി വിട്ടതായുമാണ് വീട്ടമ്മയുടെ പരാതി. പീഡനത്തിനു ശേഷം ഗർഭിണിയായ വീട്ടമ്മയെ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചതായും പകർത്തിയ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡിപ്പിച്ചെന്നും വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു.
എതിർഭാഗത്ത് ജാതി ആക്ഷേപം
അതേസമയം, പരാതിക്കാരിയായ യുവതിയും ഭർത്താവും തന്‍റെ വീട്ടിലെത്തി ജാതി പറഞ്ഞ് ആക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊലീസുകാരന്‍റെ ഭാര്യ ബർദോളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതേ തുടർന്ന് പട്ടിക ജാതി വിഭാഗങ്ങൾക്ക് എതിരായ അതിക്രമം തടയല്‍ നിയമ പ്രകാരം ഇരുവർക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഈ സംഭവത്തിന് ശേഷം പരാതിക്കാരിയായ യുവതിയും പൊലീസുകാരനും തമ്മില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വാഗ്‌വാദം നടക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ആരോപണ വിധേയനായ പൊലീസുകാരനും പരാതിക്കാരിയായ യുവതിയും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നതായും അതേ തുടർന്നുള്ള തർക്കത്തിന് ഒടുവിലാണ് ഇരുവിഭാഗവും പരാതിയുമായി രംഗത്ത് എത്തിയതെന്നുമാണ് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇതേ കുറിച്ച് പ്രതികരിച്ചത്.